അവിനാഷ് സാബ്‍ലെ സ്റ്റീപ്പിൾ ചേസ് ഫൈനലിൽ, ഗുസ്തിയിൽ നിഷ ദഹിയയ്ക്ക് ക്വാർട്ടറിൽ തോൽവി
Mail This Article
പാരിസ്∙ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഫൈനലിൽ കടന്ന് ഇന്ത്യൻ താരം അവിനാഷ് സാബ്‍ലെ. ആദ്യ റൗണ്ട് മത്സരത്തിൽ അഞ്ചാമതായാണ് അവിനാഷ് ഫിനിഷ് ചെയ്തത്. 8:15.43 മിനിറ്റ് സമയം കൊണ്ടാണ് അവിനാഷ് ഓടിയെത്തിയത്. രണ്ടു ലാപ്പുകൾ ബാക്കിയുള്ളപ്പോൾ രണ്ടാമതുണ്ടായിരുന്ന അവിനാഷ് പിന്നീട് അഞ്ചാം സ്ഥാനത്തേക്കു പോകുകയായിരുന്നു. ആദ്യ അഞ്ച് താരങ്ങളാണ് ഫൈനലിലേക്കു യോഗ്യത നേടുക. ഓഗസ്റ്റ് എട്ടിനാണ് ഫൈനൽ പോരാട്ടം. ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 68 കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം നിഷ ദഹിയ ക്വാർട്ടർ ഫൈനലിൽ തോറ്റു. ക്വാർട്ടർ ഫൈനലിൽ ഉത്തരകൊറിയൻ താരം പാക് സോൾ ഗുമിനോടാണ് നിഷ 8–10ന് തോറ്റത്. മത്സരത്തിൽ 8–2ന് മുന്നിൽ നിൽക്കെ ഇന്ത്യൻ താരത്തിനു പരുക്കേറ്റു.
സ്കീറ്റ് ഷൂട്ടിങ് മിക്സഡ് ടീമിനത്തിൽ ഇന്ത്യൻ താരങ്ങളായ മഹേശ്വരി ചൗഹാനും അനന്ത്ജീതും വെങ്കല മെഡൽ പോരാട്ടത്തിൽ തോറ്റു. നേരിയ വ്യത്യാസത്തിലാണ് ഇന്ത്യൻ താരങ്ങൾ ചൈനയോട് തോൽവി വഴങ്ങിയത്. ഫൈനൽ സ്കോർ– 43–44. ടേബിൾ ടെന്നിസ് വനിതാ ടീം ഇനത്തിലും ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. റുമാനിയയെ 3–2നാണ് ഇന്ത്യ തോൽപിച്ചത്. മനിക ബത്ര രണ്ട് സിംഗിൾസ് മത്സരങ്ങളും ശ്രീജ അകുല– അര്‍ച്ചന സഖ്യം ഡബിൾസ് മത്സരവും വിജയിച്ചു. വനിതകളുടെ 400 മീറ്ററിൽ ഇന്ത്യൻ താരം കിരൺ പഹൽ റെപ്പഷാജെ റൗണ്ടിൽ മത്സരിക്കും. ബാഡ്മിന്റന്‍ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെൻ തോറ്റു.