സൈക്കിൾ യാത്ര പ്രോത്സാഹിപ്പിച്ച് പാരിസ് നഗരം; സ്വാതന്ത്ര്യത്തിലേക്ക് സൈക്കിൾ ചവിട്ടാം!
Mail This Article
വയനാട് ദുരന്തത്തിന്റെ വിങ്ങലിലാണു കേരളം. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ചർച്ചകളാണ് എവിടെയും. കാർബൺ പുറന്തള്ളലും അതുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റവും ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന കാലം. പാരിസിലും സ്ഥിതി വ്യത്യസ്തമല്ല. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനെ വെള്ളത്തിലാക്കിയ മഴ പിറ്റേന്നും നഗരത്തെ നനച്ചു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ കടുത്ത ചൂടായിരുന്നു. 38 ഡിഗ്രി സെൽഷ്യസ് വരെ പകൽ താപനില. ഇപ്പോഴും ചൂടിന് ഒരു കുറവുമില്ല.
കാലാവസ്ഥയിലെ ഈ മാറ്റത്തെ തിരിച്ചറിഞ്ഞ് വളരെ നേരത്തേ ആസൂത്രണം തുടങ്ങിയ നഗരമാണു പാരിസ്. ലോകം ചിന്തിക്കുന്നതിനെക്കാൾ വേഗത്തിൽ പാരിസ് കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. നഗരത്തിൽ സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് അതിൽ പ്രധാനപ്പെട്ടത്. പെട്രോൾ, ഡീസൽ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണിത് .
രാവിലെ മുതൽ ‘ബൈസിക്കിൾ സിറ്റി’യാണു പാരിസ്. ഓഫിസിലേക്കു പോകുന്നവർ മുതൽ ബാഗുമായി കടയിലേക്കും മറ്റും പോകുന്നവരെ വരെ സൈക്കിളിൽ കാണാം. സൈക്കിളുകൾക്കായി റോഡിന്റെ വശങ്ങളിൽ പ്രത്യേക ട്രാക്കുമുണ്ട്.
പാരിസ് നിവാസികളിൽ ഭൂരിഭാഗത്തിനും സ്വന്തമായി സൈക്കിളുണ്ട്. ടാക്സി പിടിക്കുന്നതുപോലെ സൈക്കിൾ വാടകയ്ക്കെടുക്കാനും സൗകര്യമുണ്ട്. ഇലക്ട്രിക് സൈക്കിളുമായി 2 സ്വകാര്യ കമ്പനികളുണ്ട്. ഈ സൈക്കിളുകൾ നഗരത്തിൽ പലയിടത്തും സ്റ്റാൻഡുകളിൽ പൂട്ടിവച്ചിട്ടുണ്ട്. ആർക്കും എപ്പോഴും കാർഡ് ഉപയോഗിച്ചു പണമടച്ച് ഉപയോഗിക്കാം. പൂട്ട് അഴിക്കുന്നതിനു ചാർജ് ഒരു യൂറോയാണ് (ഏകദേശം 92 രൂപ). അര മണിക്കൂർ ഉപയോഗത്തിന് 7.5 യൂറോ (ഏകദേശം 690 രൂപ).
പാരിസ് നഗരസഭയുടെ സ്വന്തം സൈക്കിൾ സംരംഭമുണ്ട്: ‘വെലിബ്.’ ഫ്രഞ്ചിൽ വെലോ എന്നാൽ സൈക്കിൾ, ലിബർട്ടെ എന്നാൽ സ്വാതന്ത്ര്യം. ഈ രണ്ടു വാക്കുകൾ ചേർത്ത് വെലിബ് ആക്കി. സ്വാതന്ത്ര്യത്തിലേക്കു ചവിട്ടിക്കയറാനുള്ള സൈക്കിൾ... വെലിബ് സൈക്കിളുകൾ ദിവസേന 85,000 പാരിസുകാർ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. വെലിബ് ഉപയോഗത്തിനു റേറ്റ് കുറവാണ്. അരമണിക്കൂറിനു 2 യൂറോ മാത്രം (ഏകദേശം 184 രൂപ). വെലിബിൽ കുറച്ചുമാത്രമേ ഇലക്ട്രിക് സൈക്കിളുള്ളൂ എന്നതാണു കുറഞ്ഞ ചാർജിനു കാരണം.
സൈക്കിൾ ഉപയോഗം കൂടുന്നതിനൊപ്പം സൈക്കിൾ മോഷണവും പാരിസിൽ കൂടുന്നുണ്ടെന്നാണു കണക്കുകൾ. കഴിഞ്ഞ വർഷം 6000 സൈക്കിളുകൾ നഗരത്തിൽനിന്നു മോഷണം പോയെന്നാണു പൊലീസ് കണക്ക്. ഇവിടെ താമസിക്കുന്ന ഒരു മലയാളി പറഞ്ഞതിങ്ങനെ: ‘പൊലീസ് പറയുന്നതിനെക്കാൾ എത്രയോ കൂടുതൽ സൈക്കിളുകൾ മോഷണം പോയിട്ടുണ്ടാകും. എന്റെ വീട്ടമുറ്റത്തുനിന്നു പുതിയൊരെണ്ണം മോഷണം പോയിരുന്നു. ഞാൻ പരാതിക്കൊന്നും പോയില്ല. 150 യൂറോ (ഏകദേശം 13,000 രൂപ) കൊടുത്ത് ഒരു പഴയ സൈക്കിൾ വാങ്ങി. അതു മോഷ്ടിക്കാൻ ആരും വരില്ലല്ലോ...’