ശ്രീഗോളാന്തരം; ഭൂഗോളമെങ്ങും ഇന്ത്യയുടെ ഗോൾവല കാത്ത കേരളശ്രീ
Mail This Article
100 വർഷം മുൻപ് ഒരു മലയാളിയുടെ പാദമുദ്ര ആദ്യമായി ഒളിംപിക്സിൽ പതിഞ്ഞ ഈവ് ദു മനുവാ സ്റ്റേഡിയത്തിൽ ഇന്നലെ ഒരു മലയാളിയുടെ മുത്തം പതിഞ്ഞു; വെങ്കലമുദ്രയിൽ ചാലിച്ച മെഡൽമുത്തം! കണ്ണൂരുകാരൻ സി.കെ.ലക്ഷ്മണൻ 1924 ഒളിംപിക്സിൽ ട്രാക്കിലിറങ്ങിയ അതേ സ്റ്റേഡിയം ഒരു നൂറ്റാണ്ടിനിപ്പുറം ഹോക്കി സ്റ്റേഡിയമായി രൂപംമാറിയപ്പോൾ, രാജ്യത്തിന്റെ കാവൽക്കാരനും മലയാളത്തിന്റെ അഭിമാനവുമായ പി.ആർ. ശ്രീജേഷിന്റെ മെഡൽ നേട്ടത്തോടെയുള്ള വിടവാങ്ങൽ മത്സരത്തിനും സാക്ഷിയായി.
പുരുഷ ഹോക്കിയിൽ സ്പെയിനെ 2–1നു തോൽപിച്ചാണ് ശ്രീജേഷ് ഗോൾകീപ്പറായ ഇന്ത്യൻ ടീമിന്റെ വെങ്കലമെഡൽ നേട്ടം. തുടരെ രണ്ടാം ഒളിംപിക്സിലാണ് ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടം. 2 വിജയങ്ങളിലും കാവലാളായി നിന്നത് കൊച്ചി കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് തന്നെ.
ഇടവേളയില്ലാതെ ഇന്ത്യൻ ആരാധകരുടെ ആരവം പശ്ചാത്തലസംഗീതമായ മുഴങ്ങിയ മത്സരത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇന്ത്യയ്ക്കായി ഇരട്ടഗോളുകളുമായി തിളങ്ങി. ഈ ഒളിംപിക്സിൽ ഹർമൻപ്രീതിന്റെ ഗോൾനേട്ടം ഇതോടെ പത്തായി. മത്സരശേഷം ഹർമൻപ്രീത് ശ്രീജേഷിനെ കെട്ടിപ്പുണർന്നപ്പോൾ ഗാലറിയിലെ പ്ലക്കാർഡും സ്ക്രീനിൽ തെളിഞ്ഞു.
‘‘Sreejesh our wall, Harmanpreet our soul’’. പിന്നാലെ, ശ്രീജേഷിനെ തോളിലേറ്റി സഹതാരങ്ങളുടെ സ്റ്റേഡിയം പ്രദക്ഷിണം. ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ ഹോക്കിയുടെ വല കാക്കുന്ന വിശ്വസ്തനു ടീമംഗങ്ങളുടെ സല്യൂട്ട്. കാണികൾക്ക് അഭിവാദ്യമർപ്പിച്ച് സ്റ്റേഡിയം ചുറ്റി ശ്രീജേഷും.
ആഹ്ലാദപ്രകടനങ്ങൾക്കു ശേഷം, ഗോൾപോസ്റ്റിനെ ലക്ഷ്യം വച്ച് ശ്രീജേഷ് നടന്നു; ഒറ്റയ്ക്ക്. പനമ്പിള്ളി നഗറും ജിവി രാജ സ്കൂളും പിന്നിട്ട് ലോക ഹോക്കിയിലേക്കു താൻ നടന്നുപോയ വഴികൾ ഓർമിച്ചെന്നതു പോലെ. ഒടുവിൽ, തുളുമ്പിനിന്ന കണ്ണുകൾ തുടച്ച്, ശ്രീജേഷ് ഒരിക്കൽക്കൂടി ഗ്രൗണ്ടിലേക്കു നോക്കി. വലത്തേയറ്റത്ത് ശ്രീ നിന്ന ആ ഗോൾപോസ്റ്റ് ശൂന്യമായിരുന്നു. വേദനയുണ്ടാകും ശ്രീ, വിടപറയാൻ..പക്ഷേ, ഓരോ മലയാളിയുടെയും ഹൃദയമൈതാനത്ത് താങ്കൾക്ക് ഇടമുണ്ടാകും. 2 ഒളിംപിക് മെഡലുകളും ഒട്ടേറെ കിരീടങ്ങളുമായി ആ ഇടം സമ്പന്നമാക്കിയതിനു നന്ദി...