ടോക്കിയോയിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് പുറത്ത്, പാരിസിൽ സ്വർണം: വിനേഷിനെ ചേർത്തുപിടിച്ച് ജപ്പാൻ താരം
Mail This Article
പാരിസ്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് ജപ്പാന്റെ പുരുഷ ഗുസ്തി താരം റെയ് ഹിഗുച്ചി രംഗത്ത്. ഈ വേദന മറ്റാരേക്കാളും തനിക്ക് മനസ്സിലാകുമെന്ന് ജപ്പാൻ താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തിരിച്ചടികളിൽനിന്ന് ശക്തമായി തിരിച്ചുവരുന്നതാണ് ഏറ്റവും സുന്ദരമായ കാര്യമെന്നും അദ്ദേഹം എഴുതി.
സ്വന്തം നാട്ടിൽ നടന്ന 2020ലെ ഒളിംപിക്സിൽ പുരുഷ വിഭാഗം 50 കിലോഗ്രാം ഗുസ്തിയിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട ഹിഗുച്ചി, ഈ ഒളിംപിക്സിൽ കരുത്തോടെ തിരിച്ചെത്തി 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയിരുന്നു.
‘‘ഈ വേദന എനിക്ക് മറ്റാരേക്കാളും നന്നായി മനസ്സിലാകും. ഞാനും ഇതേ 50 കിലോഗ്രാം വിഭാഗത്തിൽത്തന്നെയായിരുന്നു. ചുറ്റിലും നടക്കുന്ന കോലാഹലങ്ങളെക്കുറിച്ച് ഓർത്ത് ഭയപ്പെടേണ്ട. ജീവിതം ഇങ്ങനെ മുന്നോട്ടു പോകും. തിരിച്ചടികളിൽനിന്ന് തിരിച്ചുവരുന്നതാണ് ഏറ്റവും സുന്ദരമായ കാര്യം. ഇപ്പോൾ നന്നായി വിശ്രമിക്കൂ’ – ഹിഗുച്ചി കുറിച്ചു.
57 കിലോഗ്രാം വിഭാഗത്തിൽ യുഎസ് താരത്തെ തോൽപ്പിച്ച് സ്വർണം നേടിയ ഹിഗുച്ചി, സെമിയിൽ ഇന്ത്യയുടെ അമൻ സെഹ്‌റാവത്തിനെയാണ് തോൽപ്പിച്ചത്. അമൻ പിന്നീട് വെങ്കല മെഡൽ പോരാട്ടത്തിൽ വിജയിച്ച് ഇന്ത്യയ്ക്ക് ആറാം മെഡൽ സമ്മാനിച്ചിരുന്നു.