വിനേഷ് ഫോഗട്ടിന്റെ ‘വിധി’ മാടിവിളിച്ചു; അമൻ 10 മണിക്കൂറിനുള്ളിൽ കുറച്ചത് 4.6 കിലോഗ്രാം, വെങ്കലത്തിളക്കം
Mail This Article
പാരിസ്∙ വിനേഷ് ഫോഗട്ടിനു സംഭവിച്ചതിനു സമാനമായ അയോഗ്യതയിൽനിന്ന് പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ യുവതാരം അമൻ സെഹ്‌റാവത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനൽ പോരാട്ടത്തിനു പിന്നാലെ നടത്തിയ ഭാരപരിശോധനയിൽ 61.5 കിലോഗ്രാമായിരുന്നു അമന്റെ ഭാരം. 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന അമനെ സംബന്ധിച്ച് കൃത്യം 4.5 കിലോഗ്രാം കൂടുതൽ. തുടർന്ന് അടുത്ത 10 മണിക്കൂറിൽ കഠിനാധ്വാനം ചെയ്ത് 4.6 കിലോഗ്രാം കുറച്ചതോടെയാണ് വെങ്കല മെഡൽ പോരാട്ടത്തിൽ പങ്കെടുക്കാൻ അമന് സാധിച്ചതും വെങ്കല മെഡൽ ലഭിച്ചതും.
ഇന്ത്യൻ ഗുസ്തി സംഘത്തിനൊപ്പമുള്ള പരിശീലകരായ ജാഗ്‌മാന്ദർ സിങ്, വീരേന്ദർ ദാഹിയ എന്നിവരുടെ അശ്രാന്ത പരിശ്രമമാണ്, അമനെ മത്സരസജ്ജനാക്കിയത്. 2.700 കിലോഗ്രാം അധികഭാരം കുറയ്ക്കാൻ ശ്രമിച്ച് വെറും ‘100’ ഗ്രാമിന്റെ വ്യത്യാസത്തിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ വിധി മറ്റൊരു താരത്തിനു വരരുതെന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലകർ അമന്റെ തൂക്കം നിശ്ചിത പരിധിയിലെത്തിക്കാൻ കഠിനാധ്വാനം ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് 6.30ഓടെയാണ് ജപ്പാൻ താരം റെയ് ഹിഗുച്ചിയോട് 21കാരനായ അമൻ സെമിയിൽ തോൽക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഭാരത്തിൽ 4.5 കിലോഗ്രാമിന്റെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് ഭാരം കുറയ്ക്കുന്നതിനുള്ള തീവ്ര ശ്രമം തുടങ്ങിയത്. ഒന്നര മണിക്കൂർ നീണ്ട ‘മാറ്റ് സെഷനോ’ടെയാണ് ഭാരം കുറയ്ക്കാനുള്ള ‘മിഷൻ’ തുടങ്ങിയത്. ഇരു പരിശീലകരും അമനുമായി നിരന്തരം ഗുസ്തി നടത്തി. പിന്നാലെ ഒരു മണിക്കൂർ ‘ഹോട്ട് ബാത്’ സെഷൻ.
അർധരാത്രി 12.30ന് കൂടുതൽ പരിശീലനത്തിനായി ജിമ്മിലേക്ക്. അവിടെ ഒരു മണിക്കൂർ നിർത്താതെ ട്രെഡ്‌മില്ലിൽ പരിശീലനം. വിയർക്കുന്തോറും ഭാരം കുറയുമെന്നതാണ് കണക്ക്. തുർന്ന് 30 മിനിറ്റിന്റെ ഇടവേള. അതിനുശേഷം അഞ്ച് മിനിറ്റ് വീതം ദൈർഘ്യമുള്ള ‘സോന–ബാത്തി’ന്റെ അഞ്ച് സെഷനുകൾ. ഇതിനു ശേഷവും അമന് 900 ഗ്രാം ഭാരം കൂടുതലായിരുന്നു. പ്രത്യേക മസാജിങ് കൂടി നൽകിയ ശേഷം ലഘുവായ രീതിയിൽ ജോഗിങ് നടത്താൻ പരിശീലകരുടെ നിർദ്ദേശം. തുടർന്ന് 15 മിനിറ്റ് ദൈർഘ്യമുള്ള അഞ്ച് ‘റണ്ണിങ്’ സെഷനുകൾ. പുലർച്ചെ 4.30ഓടെ അമന്റെ തൂക്കം 56.9 കിലോഗ്രാമിലേക്കെത്തി. അനുവദനീയമായതിലും 100 ഗ്രാം കുറവ്.
ഈ 10 മണിക്കൂറിനിടെ നിയന്ത്രിതമായ അളവിൽ ചെറു ചൂടുവെള്ളവും തേനും തീരെ ചെറിയ അളവിൽ കാപ്പിയും മാത്രമായിരുന്നു അമന് നൽകിയത്. അന്നു രാത്രി അമന് ഉറങ്ങിയതേയില്ല. ഓരോ മണിക്കൂർ കൂടുമ്പോഴും പരിശീലകർ അമന് ഭാരപരിശോധന നടത്തി. ഇത്തരത്തിൽ ഭാരം കുറയ്ക്കുന്നത് ഈ മത്സരത്തിന്റെ ഭാഗമാണെങ്കിലും, ഇത്രയേറെ സമ്മർദ്ദം അനുഭവിച്ച് ഭാരം കുറയ്ക്കുന്നത് മുൻപ് ഉണ്ടായിട്ടില്ലെന്ന് പരിശീലകൻ വീരേന്ദർ ദാഹിയ പ്രതികരിച്ചു. വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അമിത സമ്മർദ്ദം.