ലിക്റ്റൻസ്റ്റൈനിൽനിന്നെത്തിയ ഏക അത‌്‌ലീറ്റ് നാട്ടിലേക്കു മടങ്ങി; ആ രാജ്യത്തിന്റെ പതാക വഹിക്കാൻ മലയാളി വനിത
Mail This Article
പാരിസ് ∙ ഒളിംപിക് സമാപനച്ചടങ്ങിൽ യൂറോപ്യൻ രാജ്യമായ ലിക്റ്റൻസ്റ്റൈന്റെ പതാക പിടിക്കുന്നതു മലയാളി. തൃശൂർ മാള കുഴൂർ തോട്ടോത്ത് ഗായത്രി നാരായണനാണ് ആ ഭാഗ്യം കിട്ടിയത്. ഒളിംപിക്സിൽ വൊളന്റിയറാണു ഗായത്രി. സമാപനച്ചടങ്ങിലെ മാർച്ച്പാസ്റ്റിനിടെ ഓരോ രാജ്യത്തിനൊപ്പവും ഒരു വൊളന്റിയർ ഉണ്ടാകും. ലിക്റ്റൻസ്റ്റൈനൊപ്പമാണു ഗായത്രിക്കു ഡ്യൂട്ടി കിട്ടിയത്.
ലിക്റ്റൻസ്റ്റൈനിൽനിന്ന് ഈ ഒളിംപിക്സിൽ ഒരേയൊരു അത‌്‌ലീറ്റ് മാത്രമാണു പങ്കെടുത്തത്: സൈക്ലിങ്ങിൽ ക്രോസ് കൺട്രിയിൽ മത്സരിച്ച റൊമാനോ പന്റ്‌നീർ. ഉദ്ഘാടനച്ചടങ്ങിലെ മാർച്ച്പാസ്റ്റിൽ രാജ്യത്തിന്റെ പതാകയേന്തിയതു റൊമാനോയാണ്. എന്നാൽ, സമാപനത്തിനു നിൽക്കാതെ മടങ്ങി. ഇതോടെയാണു പതാക പിടിക്കാനുള്ള ദൗത്യം വൊളന്റിയറായ ഗായത്രിയിലേക്ക് എത്തിയത്.
ഗായത്രിയും ഭർത്താവ് ആലുവ സ്വദേശി കാർത്തിക് ശ്രീകുമാറും രണ്ടുവർഷമായി ഫ്രാൻസിലുണ്ട്. ടിസിഎസിൽ ഉദ്യോഗസ്ഥനാണു കാർത്തിക്. വിളക്കുകാൽ രാധാ നിവാസിൽ ടി.പി.നാരായണന്റെയും ശ്രീലതയുടെയും മകളായ ഗായത്രി ഊർജമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ഉദ്യോഗസ്ഥയാണ്.