ആണോ പെണ്ണോ എന്ന് പരിഹസിച്ചവർക്ക് മറുപടി സ്വർണപ്പഞ്ച്; താരമായി അൽജീരിയയുടെ ഇമാൻ ഖലീഫ്– വിഡിയോ
Mail This Article
പാരിസ്∙ ലിംഗനീതി വിവാദത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഇരയായ അൽജീരിയൻ വനിതാ ബോക്സർ ഇമാൻ ഖലീഫിന് ഒടുവിൽ സുവർണ പുഞ്ചിരി. വെൽറ്റർവെയ്റ്റ് വിഭാഗം ഫൈനലിൽ ചൈനയുടെ ലിയു യാങ്ങിനെ 5–0നു കീഴടക്കി സ്വർണം നേടിയാണ് ഇമാൻ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകിയത്. അൽജീരിയൻ പതാകവീശി ഇമാന്റെ ഓരോ പഞ്ചിനും ആരവമുയർത്തി ആരാധകർ താരത്തിനു പിന്തുണ നൽകി. മത്സരം പൂർത്തിയായതിനു ശേഷം പരിശീലകർക്കൊപ്പം ഇമാൻ വിജയാഘോഷവും നടത്തി.
എട്ടു വർഷത്തെ കാത്തിരിപ്പിന്റെയും തയാറെടുപ്പിന്റെയും ഫലമാണ് ഈ സ്വർണമെന്ന് ഇമാൻ പറഞ്ഞു. ഇക്കാലമത്രയും ഇതായിരുന്നു സ്വപ്നം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഈ വിജയത്തെ കൂടുതൽ മധുരതരമാക്കുന്നു. ഭാവി ഒളിംപിക്സുകളിൽ ഇത്തരം ആക്രമണങ്ങൾ അത്‌ലീറ്റുകൾക്കെതിരെ ഉയരില്ലെന്നാണു പ്രതീക്ഷയെന്നും ഇമാൻ പറഞ്ഞു.
പുരുഷ ക്രോമസോമുകൾ (എക്സ്, വൈ) ഉള്ള താരമെന്ന് ആരോപിച്ച് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ(ഐബിഎ) കഴിഞ്ഞ ലോകചാംപ്യൻഷിപ്പിൽ ഇമാനു വിലക്കേർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇമാൻ വനിതാ ബോക്സിങ്ങിൽ മത്സരിക്കുന്നതിനെതിരെയായിരുന്നു വിദ്വേഷപ്രചാരണം. ഐബിഎയ്ക്ക് വിലക്കേർപ്പെടുത്തിയ രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) നേരിട്ടാണ് ഒളിംപിക്സിലെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇമാനെതിരായ ഐബിഎയുടെ നടപടിയും ഒളിംപിക്സ് അധികൃതർ അംഗീകരിക്കുന്നില്ല.
താൻ സ്ത്രീയായി ജനിച്ച് സ്ത്രീയായി വളർന്ന വ്യക്തിയാണെന്ന് ഇമാൻ പറഞ്ഞു. വ്യക്തിയെന്ന തന്റെ അന്തസ്സും സൽപേരുമാണ് എല്ലാറ്റിനും മുകളിലെന്ന സന്ദേശമാണ് താൻ ഐബിഎയ്ക്കു നൽകുന്നതെന്ന് താരം വ്യക്തമാക്കി. വെൽറ്റർ വെയ്റ്റിൽ ഇമാന്റെ ആദ്യ മത്സരത്തിൽ എതിരാളി ഇറ്റലിയുടെ ആൻജല കരീനി 46 സെക്കൻഡുകൾക്കകം പിൻമാറിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം.