അപ്പീലിൽ വിധി 13ന്; എതിരായാൽ, വിനേഷിനെ ചാംപ്യനെന്നു വിളിച്ചവർ നാളെ അതു മറക്കരുതെന്ന് നീരജ് ചോപ്ര
Mail This Article
പാരിസ്∙ ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ലോക കായിക കോടതിയിൽ നൽകിയ അപ്പീലിൽ വിധി പറയുന്നത് 13ലേക്കു മാറ്റി. അപ്പീലിൽ തീരുമാനമെടുക്കാൻ ഏക ആർബിട്രേറ്റർ ഡോ. അനബെൽ ബെന്നറ്റിന് പാരിസിലെ സമയം 13നു വൈകിട്ട് 6 വരെയാണ് (ഇന്ത്യൻ സമയം 13നു രാത്രി 9.30) സമയം അനുവദിച്ചിരിക്കുന്നത്.
ഇന്ത്യൻ സമയം ഇന്നലെ രാത്രി 9.30ന് വിധിപറയുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇന്നു കൂടി കക്ഷികൾക്ക് ആർബ്രിട്രേറ്റർ മുൻപാകെ അധിക രേഖകൾ സമർപ്പിക്കാൻ സമയമുണ്ട്.
അതിനിടെ, മെഡൽ ലഭിച്ചില്ലെങ്കിലും വിനേഷ് ഫോഗട്ട് യഥാർഥ ചാംപ്യനാണെന്നു പറയുന്നവർ, നാളെ ഇക്കാര്യം മറന്നുകളയരുതെന്ന് ജാവലിൻ ത്രോയിൽ വെള്ളി നേടിയ നീരജ് ചോപ്ര ആവശ്യപ്പെട്ടു.
‘‘വിനേഷ് ഫോഗട്ടിന് മെഡൽ ലഭിച്ചാൽ വളരെ നല്ലത്. ഇങ്ങനെയൊന്നും സംഭവിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ അവരുടെ കഴുത്തിൽ മെഡൽ ഉണ്ടാകുമായിരുന്നു. അവർക്ക് മെഡൽ ലഭിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. കാരണം അതു കഴുത്തിലണിഞ്ഞില്ലെങ്കിൽ, ഹൃദയത്തിൽ മാത്രമായി ഒതുങ്ങിപ്പോകും’ – നീരജ് ചോപ്ര പറഞ്ഞു.
‘‘വിനേഷ് ഫോഗട്ട് യഥാർഥ ചാംപ്യനാണെന്ന് ഇന്ന് ജനങ്ങൾ പറഞ്ഞേക്കാം. പക്ഷേ, അവർക്ക് മെഡൽ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ഇതെല്ലാം കാലക്രമേണ എല്ലാവരും മറക്കും. അതുകൊണ്ടാണ് ഇക്കാര്യത്തിൽ എനിക്കു പേടി. വിനേഷിന് മെഡൽ ലഭിക്കുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. മെഡൽ ലഭിച്ചാലും ഇല്ലെങ്കിലും ഈ രാജ്യത്തിനായി അവർ ചെയ്തത് ജനങ്ങൾ മറക്കില്ലെന്ന് കരുതുന്നു’– നീരജ് ചോപ്ര പറഞ്ഞു.
ഭാരപരിശോധനയിൽ 100 ഗ്രാം അധികമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ മത്സരിക്കുന്നതിൽനിന്ന് വിനേഷിന് അയോഗ്യത കൽപിക്കുകയായിരുന്നു. ഫൈനലിനു തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്ന് അഭ്യർഥിച്ചാണ് വിനേഷ് ലോക കായിക കോടതിയെ സമീപിച്ചത്. ഒളിംപിക്സിൽ ഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കുന്ന യുണൈറ്റഡ് റെസ്‍ലിങ് വേൾഡും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമാണ് കേസിലെ എതിർകക്ഷികൾ.