പാരിസ് മുതൽ ലൊസാഞ്ചലസ് വരെ; ഉയര്‍ന്നുപൊങ്ങി ഒളിംപിക് വളയങ്ങൾ, പറന്നിറങ്ങി ടോം ക്രൂസ്
Mail This Article
പാരിസ്∙ ഫ്രാൻസിലെ പാരിസ് മുതൽ യുഎസിലെ ലൊസാഞ്ചലസ് വരെ, 2024 ഒളിംപിക്സിന്റെ സമാപനച്ചടങ്ങിനെ ഇങ്ങനെ വിശേഷിപ്പിച്ചാൽ തെറ്റില്ല. ഒളിംപിക്സ് ദീപം ഉയർന്നു കത്തിയ ഗാർഡിൻസ് ദെസ് ടുയ്‍ലെറീസില്‍നിന്ന് ലൊസാഞ്ചസ് നഗരം വരെയുള്ള യാത്രയായിരുന്നു രണ്ടര മണിക്കൂറിലേറെ നീണ്ട സമാപനച്ചടങ്ങ്. ഒളിംപിക്സ് ദീപം ഉയർന്നു കത്തിയ ജാർഡിൻസ് ദെസ് ടുയ്‍ലെറീസിലേക്ക് ഫ്രാന്‍സിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് കടന്നുവന്നതോടെയാണു പരിപാടികൾക്കു തുടക്കമായത്. റാന്തലിൽ ദീപവും കയ്യിലേന്തി താരം അവസാനം സ്റ്റേഡിയം വരെയെത്തി.
ലോകത്തിന്റെ ഭൂപടത്തിന്റെ മാതൃകയിലായിരുന്നു സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിലെ ഭീമൻ വേദി. വിവിധ രാജ്യങ്ങളുടെ പതാകകളുമായി അത്‍ലീറ്റുകൾ സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചു. ഫ്രാൻസിന്റെ ദേശീയ ഗാനം ആലപിക്കുമ്പോൾ ആതിഥേയരായ ഫ്രാൻസിന്റെയും ഒളിംപിക്സിന്റേയും പതാകകൾ സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ സമാപനച്ചടങ്ങുകൾക്ക് എത്തിയിരുന്നു. ഇന്ത്യൻ പതാകയേന്തി പി.ആർ. ശ്രീജേഷും മനു ഭാകറും സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആവേശമായി.
വനിതാ മാരത്തണിൽ വിജയിച്ച സിഫാൻ ഹസൻ (സ്വർണം), അസഫ ടിസ്റ്റ് (വെള്ളി), ഒബിരി ഹെലൻ (വെങ്കലം) എന്നിവർക്ക് വേദിയിൽവച്ച് ഐഒഎ ചീഫ് തോമസ് ബാഷ് മെഡലുകൾ നൽകി. തുടര്‍ന്ന് കലാപരിപാടികൾക്കു തുടക്കമായി. ഫ്രഞ്ച് ചരിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗോൾഡൻ വൊയേജർ സ്റ്റേഡിയത്തിലേക്ക് ഇറങ്ങി. സ്റ്റേഡിയത്തിൽ ഒളിംപിക്സ് വളയങ്ങൾ കണ്ടെത്തിയതും ഗോൾഡൻ വൊയേജർ തന്നെ. വൈകാതെ ഈ വളയങ്ങൾ സ്റ്റേഡിയത്തിൽ ഉയർന്നു. തുടർന്ന് വേദിക്ക് കൊഴുപ്പേകി ഫ്രഞ്ച് ബാൻഡ് ഫീനിക്സിന്റെ സംഗീതപരിപാടി.
സമാപനച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്, വേദിയിൽ ഒളിംപിക് ഗീതം ആലപിച്ചതിനു പിന്നാലെ ലൊസാഞ്ചലസ് മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. തുടർന്ന് അടുത്ത ഒളിംപിക്സിന്റെ ആതിഥേയരായ യുഎസിന്റെ ദേശീയ ഗാനം സ്റ്റേഡിയത്തിൽ മുഴങ്ങി. ഹോളിവുഡ് താരം ടോം ക്രൂസ് സ്റ്റേഡിയത്തിനു മുകളിൽനിന്ന് പറന്നിറങ്ങുകയായിരുന്നു.
അത്‍ലീറ്റുകൾക്കിടയിലൂടെ ഷെയ്ക് ഹാൻഡ് നൽകിയാണ് ക്രൂസ് വേദിയിലേക്കെത്തിയത്. തുടർന്ന് ഒളിംപിക് പതാകയുമായി വേദി വിട്ടു. ബൈക്കിൽ യാത്ര തുടങ്ങിയ ക്രൂസ്, വിമാനത്തിൽ കയറി യുഎസിലെ ഹോളിവുഡിലേക്ക് പതാക എത്തിക്കുന്നതായിരുന്നു പിന്നീടത്തെ ചിത്രീകരണം. കേറ്റ് കോട്നിയ്ക്ക് കൈമാറിയ പതാക മൈക്കൽ ജോണ്‍സണിന്റെ കൈകളിലെത്തി. ജാഗർ ഈറ്റൻ അത് ലൊസാഞ്ചലസിലെ വേദിയിലേക്ക് എത്തിച്ചു. തുടർന്ന് റെഡ് ഹോട്ട് ചില്ലി പെപ്പർസിന്റെ സംഗീതപരിപാടിയും യുഎസിലെ അരങ്ങ് തകർത്തു.