ADVERTISEMENT

പാരിസ്∙ 2024 ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആറു മെ‍ഡൽ. ഒരു വെള്ളിയും അഞ്ചു വെങ്കലവും. ടോക്കിയോ ഒളിംപിക്സിലെ ഏഴു മെഡലുകളെന്ന നേട്ടം മറികടക്കാൻ ഇന്ത്യയ്ക്കു സാധിച്ചില്ല. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മൂന്നു മെഡലുകൾ. നാല് ഇനങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്കു മെഡൽ നേടാനായത് (ഷൂട്ടിങ്, ഹോക്കി, ഗുസ്തി, ജാവലിൻ ത്രോ). 29 അംഗ അത്‍ലറ്റിക്സ് സംഘത്തിൽ ഫൈനലിലേക്കു യോഗ്യത നേടിയത് രണ്ട് ഇനങ്ങളിൽ മാത്രമാണ്. മെഡൽ ടേബിളിൽ 71-ാം സ്ഥാനത്താണ് ഇന്ത്യ.

വനിതാ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് നൽകിയ അപ്പീല്‍ ഇന്ത്യയ്ക്ക് അനുകൂലമാകുകയാണെങ്കിൽ ഒരു മെഡൽ കൂടെ ലഭിക്കും. അല്ലെങ്കിൽ ആറു മെഡലിൽ ഒതുങ്ങേണ്ടിവരും. ശനിയാഴ്ച വനിതാ ഫ്രീസ്റ്റൈൽ 76 കിലോഗ്രാം ഗുസ്തിയിൽ റീതിക ഹൂഡ ക്വാർട്ടറിൽ തോറ്റുപുറത്തായി. ക്വാർട്ടറിൽ കിർഗിസ്ഥാൻ താരം അയ്പേറി മെഡെറ്റ് കിസിയോട് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് റീതിക കീഴടങ്ങിയത്. കിർഗിസ് താരം സെമിയിൽ തോറ്റതോടെ റെപ്പഷാജ് റൗണ്ടിൽ മത്സരിക്കാമെന്ന റിതികയുടെ പ്രതീക്ഷയും അവസാനിച്ചു.

ഗോൾഫിൽ അദിതി അശോകിനും ദീക്ഷ ദാഗറിനും അവസാന റൗണ്ടുകൾ പൂർത്തിയായപ്പോൾ യഥാക്രമം 29, 49 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്യാൻ സാധിച്ചത്. ഇതോടെ ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങളും അവസാനിച്ചു. ഒരു സ്വർണ മെഡൽ ഇല്ലെന്ന നിരാശയുമായാണ് പാരിസിൽനിന്ന് ഇന്ത്യ മടങ്ങുന്നത്. ടോക്കിയോയിൽ സ്വർണം ജയിച്ച ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇത്തവണ വെള്ളി മെഡലാണ് സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ അർഷാദ് നദീമാണ് ഒളിംപിക് റെക്കോർഡോടെ ജാവലിൻ സ്വർണം നേടിയത്. കഴിഞ്ഞ തവണ വെയ്റ്റ്‍ലിഫ്റ്റിങ്ങിൽ വെള്ളി നേടിയ മിരാഭായ് ചാനു പാരിസിൽ നാലാം സ്ഥാനത്തായി. 

പാരിസിൽ ഇന്ത്യയുടെ മെ‍ഡൽ ജേതാക്കൾ

∙വെള്ളി

നീരജ് ചോപ്ര (ജാവലിൻ ത്രോ പുരുഷ വിഭാഗം)

∙ വെങ്കലം

1.മനു ഭാകർ (വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൽ)

2.10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം (മനു ഭാകര്‍, സരബ്ജ്യോത് സിങ്)

3.സ്വപ്നിൽ കുസാലെ (50 മീറ്റർ റൈഫിൾ 3 പൊസിഷന്‍)

4.ഇന്ത്യൻ ഹോക്കി ടീം

5.അമൻ സെഹ്‍റാവത്ത് (പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി)

English Summary:

India at Paris Olympics 2024, Day 15 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com