മെർസി, മെർസി, മെർസി...
Mail This Article
വഴി ചോദിച്ചുചെന്നപ്പോൾ, ഒപ്പമെത്തി ലക്ഷ്യത്തിലെത്തിച്ച അപരിചിതയെപ്പോലെയായിരുന്നു ആദ്യം. കാണെക്കാണെ, അടുപ്പം കൂടി; ചേർത്തുപിടിച്ചു. ഇരുൾവഴികളിൽ വിളക്കായി. പൊള്ളും ചൂടിൽ തണലായി. കുളിരിൽ ചുടുനിശ്വാസമായി. വഴിതെറ്റുമെന്നു തോന്നിച്ചപ്പോൾ, നേർവഴിയിലേക്കു ദിശാസൂചിയായി... ഇല്ല, ഇനിയില്ല... വിടപറയാൻ നേരമായി...
-
Also Read
പൊന്നു പങ്കിടാതെ പാരിസ് !
എത്രവേഗമാണു ദിവസങ്ങൾ പോയത്. ഉദ്ഘാടനച്ചടങ്ങിൽ സെൻ നദിയിലൂടെ ഇന്ത്യൻ പതാകയേന്തി പി.വി.സിന്ധുവും സംഘവും ബോട്ടിൽ നീങ്ങിയത് ഇന്നലെയെന്നതു പോലെ കൺകോണിൽ തിളങ്ങിനിൽക്കുന്നു. മെഡലിൽ മുത്തമിട്ടു നിൽക്കുന്ന മനു ഭാക്കർ സ്വപ്നചിത്രമായി മനസ്സിന്റെ ക്യാൻവാസിലുണ്ട്. പൊൻജാവലിനിൽ വെള്ളിനക്ഷത്രമായി തിളങ്ങിയ നീരജ് ചോപ്രയും ഗോദയിലെ പോരാളി വിനേഷ് ഫോഗട്ടും മായാമുദ്രകളാണ് ഉള്ളിൽ പതിപ്പിച്ചത്. പിന്നെ, വിജയ‘ശ്രീ’ലാളിതനായി നമ്മുടെ ശ്രീജേഷും. നദാലും ജോക്കോവിച്ചും മുതൽ ലെബ്രോൺ ജയിംസും സിമോണി ബൈൽസും വരെ... എത്രയെത്ര വിസ്മയക്കാഴ്ചകൾ!
പാരിസിലെ ഒരു ദിവസം. സൂപ്പർ മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങി പണം കൊടുത്തു. വെള്ളവും പഴവും ബ്രെഡും കയ്യിലെടുക്കാൻ പറ്റാതെ വന്നപ്പോൾ ഒരു കവർ കൂടി ചോദിച്ചുവാങ്ങി എല്ലാം അതിലാക്കി. കവറിനു പൈസ കൊടുക്കാൻ നോക്കുമ്പോൾ കാർഡ് പണിമുടക്കി. കയ്യിൽ ഒരു പൈസ പോലുമില്ല. ഭാഷയറിയാത്ത ജീവനക്കാരി ഒരുതരത്തിലും സമ്മതിക്കുന്നില്ല. പിന്നാലെവന്ന ഫ്രഞ്ചുകാരൻ സഹായത്തിനെത്തി. കവറിന്റെ പണം അദ്ദേഹം നൽകി. ‘എന്റെ കൈയിൽ ഇപ്പോൾ പണില്ല, നിങ്ങളുടെ പേരും നമ്പരും തന്നാൽ പിന്നീടു തരാം’ എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി: ‘നിങ്ങൾ ഒളിംപിക്സിനു വന്നതല്ലേ. എൻജോയ് പാരിസ്... ഈ പണം ഈ നഗരത്തിന്റെ സ്നേഹമായി കരുതിയാൽ മതി...’ ഭേദപ്പെട്ട ഇംഗ്ലിഷിൽ ഇത്രയും പറഞ്ഞ് അയാൾ വേഗം അവിടെനിന്നു പോയി. ഇങ്ങനെ എത്രയോ മുഖങ്ങൾ...
ദിവസത്തിൽ എപ്പോൾ കണ്ടാലും ‘ബോൺഷു, കൊമെ സാ വാ’ (ഗുഡ് മോണിങ്, ഹൗ ആർ യു) എന്നു പറയുന്നവരാണ് ഇന്നാട്ടുകാർ. പാരിസിൽനിന്നു മനസ്സ് നിറഞ്ഞു മടങ്ങുമ്പോൾ പറയാൻ ഒന്നുമാത്രം... ‘മെർസി (നന്ദി)...’