ജി20 ഉച്ചകോടി നടത്തി കരുത്തു തെളിയിച്ചു, ഇനി 2036 ഒളിംപിക്സും ഇവിടെ നടത്തും: ചെങ്കോട്ട പ്രസംഗത്തിനിടെ മോദി
Mail This Article
ന്യൂഡൽഹി∙ 2036ലെ ഒളിംപിക്സ് ഇന്ത്യയിൽ നടത്തുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 78–ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാരിസ് ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 2030ലെ യൂത്ത് ഒളിംപിക്സും ഇന്ത്യയിൽ നടത്തുമെന്നാണ് സൂചന.
‘ജി20 ഉച്ചകോടി വിജയകരമായി നടത്തിയതോടെ, എത്ര വലിയ പരിപാടികളും നടത്താനുള്ള ശേഷി നമുക്കുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇനി 2036ലെ ഒളിംപിക്സ് ഇന്ത്യൻ മണ്ണിൽ നടത്തണമെന്നാണ് ആഗ്രഹം. അതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ലക്ഷ്യം നേടും എന്നു തന്നെയാണ് പ്രതീക്ഷ’ – മോദി പറഞ്ഞു.
പാരിസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യ സംഘം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനായി ചെങ്കോട്ടയിൽ എത്തിയിരുന്നു.
‘പാരിസ് ഒളിംപിക്സിൽ നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ കായിക താരങ്ങളും ഇവിടെ നമ്മോടൊപ്പമുണ്ട്. ഇന്ത്യക്കാരായ 140 കോടി ജനങ്ങളുടെ പേരിൽ, അവരെ ഞാൻ അഭിനന്ദിക്കുന്നു. വരും ദിവസങ്ങളിൽ പാരാലിംപിക്സിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ വലിയൊരു സംഘം പാരിസിലേക്കു പോകുന്നുണ്ട്. അവർക്ക് എല്ലാ ആശംസകളും’ – മോദി പറഞ്ഞു.