വിനേഷിന് വീണ്ടും അപ്പീൽ നൽകാൻ അവസരം; താരത്തെ പിന്തുണയ്ക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
Mail This Article
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ മെഡൽ നഷ്ടമാക്കിയ അയോഗ്യതയ്ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നടത്തിയ നിയമ പോരാട്ടത്തിനു തിരിച്ചടി. അയോഗ്യത ചോദ്യം ചെയ്ത് രാജ്യാന്തര ഗുസ്തി ഫെഡറേഷനെതിരെ ഓഗസ്റ്റ് 7ന് വിനേഷ് നൽകിയ അപ്പീൽ തള്ളിയതായി ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒൻപതരയോടെ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി (സിഎഎസ്) അറിയിച്ചു. അപ്പീൽ തള്ളിയതായി മാത്രമാണു കോടതിയുടെ അറിയിപ്പു വന്നിരിക്കുന്നത്. കാരണങ്ങൾ വിശദീകരിച്ചിട്ടില്ല. രാജ്യാന്തര കോടതിയുടെ തീരുമാനത്തിനെതിരെ വിനേഷിന് വീണ്ടും അപ്പീൽ നൽകാനുള്ള അവസരമുണ്ട്.
പാരിസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിനു മുൻപു നടത്തിയ പരിശോധനയിൽ 100 ഗ്രാം ഭാരക്കൂടുതൽ കണ്ടെത്തിയതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ മെഡലും നഷ്ടമായി. എന്നാൽ അതിനു തലേന്നു നടന്ന ഭാര പരിശോധനയിൽ വിജയിക്കുകയും 3 മത്സരങ്ങൾ വിജയിച്ചു ഫൈനലിലെത്തുകയും ചെയ്തപ്പോൾ ശരീരഭാരം അനുവദനീയമായ പരിധിയിലായിരുന്നുവെന്നു വിനേഷ് വാദിച്ചു.
അതിനാൽ, തനിക്കും വെള്ളി മെഡലിന് അർഹതയുണ്ടെന്നായിരുന്നു ഇരുപത്തൊൻപതുകാരിയായ വിനേഷിന്റെ അപ്പീൽ. ഫൈനലിൽ തോറ്റ ക്യൂബൻ താരത്തിനൊപ്പം സംയുക്ത വെള്ളി മെഡൽ ജേതാവാക്കണമെന്നായിരുന്നു വിനേഷിന്റെ ആവശ്യം. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയെയും യുണൈറ്റഡ് റെസ്‌ലിങ് വേൾഡിനെയുമായിരുന്നു എതിർ കക്ഷികളാക്കിയിരുന്നത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷനും(ഐഒഎ) അപ്പീലിൽ കക്ഷി ചേർന്നിരുന്നു.
പാരിസിലെ അഭിഭാഷകരുടെ സഹായത്തോടെ വിനേഷ് ഫോഗട്ടാണ് അപ്പീൽ നൽകിയത്. പിന്നീട് കക്ഷി ചേർന്ന ഐഒഎയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ, കായിക നിയമങ്ങളിൽ വിദഗ്ധനായ വിധുഷ്പത് സിംഘാനിയ എന്നിവരും വിനേഷിനായി രാജ്യാന്തര കോടതിയിൽ വാദിച്ചു. ഓഗസ്റ്റ് പത്തിന് വിധി പ്രസ്താവിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അത് പിന്നീട് പതിമൂന്നിലേക്കും പതിനാറിലേക്കും നീട്ടി.
വിധി പ്രഖ്യാപനം നീണ്ടതോടെ വിനേഷിനു മെഡൽ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ അപ്പീൽ തള്ളിയതായുള്ള കോടതിയുടെ അറിയിപ്പ് ഇന്നലെ രാത്രി പുറത്തുവന്നതോടെ പ്രതീക്ഷകൾ അവസാനിച്ചു.
രാജ്യാന്തര കായിക കോടതിയുടെ തീരുമാനം ഞെട്ടിക്കുന്നതാണ്. വിധിക്കെതിരെ തുടർന്നുള്ള എല്ലാ സാധ്യതകളും തേടും. വിനേഷിന് എല്ലാ പിന്തുണയും നൽകും.
പി.ടി. ഉഷ (പ്രസിഡന്റ്, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ)