വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്ക്? ഹരിയാന തിരഞ്ഞെടുപ്പിൽ ബന്ധുവും ബിജെപി നേതാവുമായ ബബിതയ്ക്കെതിരെ മത്സരിച്ചേക്കും
Mail This Article
സോനിപ്പത്ത്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെടുകയും പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്ത ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്ക്? ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന് അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ബിജെപി അംഗവും ബന്ധുവുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് മത്സരിക്കുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ദാദ്രിയിൽ മത്സരിച്ച ബബിത ഫോഗട്ട് തോറ്റിരുന്നു.
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് വിനേഷ് ഫോഗട്ട് നിലവിൽ നിലപാടെടുത്തിരിക്കുന്നതെങ്കിലും, രാഷ്ട്രീയത്തിലേക്കു വരണമെന്ന് അവരെ ബോധ്യപ്പെടുത്താൻ വിവിധ രാഷ്ട്രീയ പാർട്ടികൾ ഊർജിതമായി ശ്രമിക്കുന്നതായാണ് വിവരം. അതേസമയം, രാഷ്ട്രീയപ്പോരാട്ടത്തിന് വിനേഷ് സന്നദ്ധത അറിയിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല, ഏതു പാർട്ടിയിലാകും അവർ ചേരുകയെന്നതും വ്യക്തമായിട്ടില്ല.
പാരിസ് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ നൽകിയ അപ്പീൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതി തള്ളിയെങ്കിലും, നാട്ടിൽ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് രാജ്യം വീരോചിത സ്വീകരണമാണ് നൽകിയത്. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം മുതൽ സ്വദേശമായ ഹരിയാനയിലെ ബലാലി വരെ വിവിധയിടങ്ങളിൽ താരത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് വിനേഷ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹം.
‘‘വിനേഷ് ഫോഗട്ട് എന്തുകൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിക്കൂടാ? ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് – ബബിത ഫോഗട്ട് മത്സരവും ബജ്‌രംഗ് പൂനിയ – യോഗേശ്വർ ദത്ത് മത്സരവും നടന്നേക്കാം. ഇക്കാര്യത്തിൽ വിനേഷ് ഫോഗട്ടിനെ സ്വാധീനിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുണ്ട്’ – ഫോഗട്ട് കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.