ADVERTISEMENT

ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡലുകളുമായി ചരിത്രമെഴുതിയ ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാക്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുന്നു. ഷൂട്ടിങ് താരമെന്ന നിലയിലുള്ള തുടക്ക കാലത്തെ ചിത്രവും, പാരിസ് ഒളിംപിക്സിൽ നേടിയ ഇരട്ട മെഡലുകളുമായി നിൽക്കുന്ന ചിത്രവുമാണ് മനു ഭാക്കർ പങ്കുവച്ചത്. ‘എങ്ങനെ തുടങ്ങി, ഇപ്പോൾ എങ്ങനെ’ എന്ന ക്യാപ്ഷൻ സഹിതമാണ് മനു ഭാക്കർ ചിത്രം പങ്കുവച്ചത്.

പാരിസ് ഒളിംപിക്സിൽ വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീം ഇനം എന്നിവയിലാണ് മനു ഭാക്കർ വെങ്കലം നേടിയത്. മെഡൽ നേട്ടത്തിൽ ഹാട്രിക് നേടാൻ അവസരമുണ്ടായിരുന്നെങ്കിലും, വനിതാ 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ തെല്ലിട വ്യത്യാസത്തിൽ നാലാമതായിപ്പോയി. ഒളിംപിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്നത് ഉൾപ്പെടെ ഒട്ടേറെ റെക്കോർഡുകളും മനു ഭാക്കർ സ്വന്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഒറ്റ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും മനു സ്വന്തമാക്കി. 1900ലെ ഒളിംപിക്സിൽ, അതായത് സ്വാതന്ത്ര്യലബ്ധിക്കും മുൻപ് ബ്രിട്ടിഷ്–ഇന്ത്യൻ അത‌്‌ലീറ്റായിരുന്ന നോർമൻ പ്രിച്ചാർഡാണ് ആദ്യമായി ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയത്. അന്ന് 200 മീറ്റർ സ്പിന്റിലും 200 മീറ്റർ ഹർഡിൽസിലുമായിരുന്നു പ്രിച്ചാർഡിന്റെ മെഡൽ നേട്ടം.

ഇതിനു പുറമേ, എയർ പിസ്റ്റളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ഷൂട്ടിങ്ങിൽ രണ്ട് ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ഷൂട്ടിങ് ടീമിനത്തിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യം (സരബ്ജ്യോത് സിങ്ങിനൊപ്പം), വ്യക്തിഗത, ടീമിനങ്ങളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം തുടങ്ങിയ റെക്കോർഡുകളും മനു ഭാക്കറിന്റെ പേരിലായി.

English Summary:

How it started vs how it's going, Manu Bhaker's Post Leaves Social Media Stunned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com