ഒളിംപിക്സിനു മുൻപ് 25 ലക്ഷം, ഇപ്പോൾ ഒരു കോടി വരെ; വിനേഷിന്റെ ബ്രാൻഡ് മൂല്യത്തിലും ഉയർച്ച
Mail This Article
മുംബൈ∙ പാരിസ് ഒളിംപിക്സിലെ ഗംഭീര പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ബ്രാൻഡ് മൂല്യം കുതിച്ചുയർന്നു. ഒളിംപിക്സിൽ 50 കിലോ ഗ്രാം വനിതാ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ കടന്നിരുന്നു. ഫൈനലിനു തൊട്ടുമുൻപ് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷിനെ സംഘാടകർ അയോഗ്യയാക്കിയതു വൻ വിവാദമായിരുന്നു. മെഡൽ നേടാൻ സാധിച്ചില്ലെങ്കിലും രാജ്യത്തു തിരിച്ചെത്തിയ വിനേഷിന് ഗംഭീര സ്വീകരണമാണു ലഭിച്ചത്. ഡൽഹി വിമാനത്താവളത്തിലും, സ്വന്തം നാടായ ഹരിയാനയിലും വിനേഷിനെ സ്വീകരിക്കാൻ ആയിരങ്ങളാണ് എത്തിയത്.
പാരിസ് ഒളിംപിക്സിനു മുൻപ് പരസ്യചിത്രങ്ങള്‍ക്കായി 25 ലക്ഷം രൂപ വരെയാണ് വിനേഷ് വാങ്ങിയിരുന്നത്. ഒളിംപിക്സിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ വിനേഷിന്റെ ‘ബ്രാൻഡ് വാല്യു’ കുതിച്ചുയർന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് വിനേഷ് ഫോഗട്ട് ഇപ്പോൾ വാങ്ങുന്നത്. അയോഗ്യയാക്കിയതിനു പിന്നാലെ കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് ഫോഗട്ട് അപ്പീൽ നൽകിയിരുന്നെങ്കിലും അനുകൂല വിധിയായിരുന്നില്ല ലഭിച്ചത്.
വെള്ളി മെഡൽ അനുവദിക്കണമെന്നായിരുന്നു വിനേഷിന്റെ ആവശ്യം. എന്നാൽ രാജ്യാന്തര കോടതി വിനേഷിന്റെ അപ്പീൽ തള്ളിക്കളഞ്ഞു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബന്ധുവും ബിജെപി നേതാവുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് മത്സരിച്ചേക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്ത്യൻ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാരിസ് ഒളിംപിക്സിൽ രണ്ടു വെങ്കല മെഡലുകൾ നേടിയ ഷൂട്ടിങ് താരം മനു ഭാകറിന്റെയും ബ്രാൻഡ് മൂല്യം ഉയർന്നിട്ടുണ്ട്. ഒരു കരാറിന് 25 ലക്ഷം രൂപവരെ വാങ്ങിയിരുന്ന മനുവിന് ഇപ്പോൾ 1.5 കോടി രൂപയാണു ലഭിക്കുന്നത്. ജാവലിൻ ത്രോ താരം നീരജ് ചോപ്രയും ബ്രാൻഡ് മൂല്യം വർധിപ്പിച്ചിട്ടുണ്ട്.