പാരിസ് ഒളിംപിക്സിൽ ചരിത്രമെഴുതിയ ടേബിൾ ടെന്നിസ് ടീമംഗം; ഞെട്ടിച്ച് 24–ാം വയസിൽ അർച്ചനയുടെ വിരമിക്കൽ
Mail This Article
പാരിസ്∙ അടുത്തിടെ സമാപിച്ച പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ടേബിൾ ടെന്നിസിൽ മത്സരിച്ച വനിതാ താരം, കരിയർ അവസാനിപ്പിച്ചു. ഇരുപത്തിനാലുകാരിയായ അർച്ചന കാമത്താണ്, പഠനത്തിലാണ് കൂടുതൽ താൽപര്യമെന്നു വ്യക്തമാക്കി ടേബിൾ ടെന്നിസ് വിട്ടത്. വനിതാ വിഭാഗം ടേബിൾ ടെന്നിസ് ടീമിനത്തിൽ ചരിത്രത്തിലാദ്യമായി ക്വാർട്ടറിൽ കടന്ന ഇന്ത്യൻ സംഘത്തിൽ അർച്ചനയും അംഗമായിരുന്നു. ഈ പ്രകടനത്തിനു പിന്നാലെയാണ് അർച്ചന ടേബിൾ ടെന്നിസ് വിട്ട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.
പ്രഫഷനൽ ടേബിൾ ടെന്നിസിൽ കാര്യമായ ഭാവി കാണുന്നില്ലെന്ന് അർച്ചന പരിശീലകനായ അൻഷുൽ ഗാർഗിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിൽ പഠനത്തിനായി പോകാനാണ് താൽപര്യമെന്നും അർച്ചന വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
പാരിസ് ഒളിംപിക്സിനുള്ള ടീമിലേക്ക് ഐഹിക മുഖർജിയെ തഴഞ്ഞ് അർച്ചന കാമത്തിനെ തിരഞ്ഞെടുത്തത് വിവാദങ്ങൾക്കു വഴിവച്ചിരുന്നു. മികച്ച ഫോമിലായിരുന്ന ഐഹികയെ തഴഞ്ഞതാണ് വിവാദങ്ങൾക്ക് ആധാരം. തുടക്കം വിവാദങ്ങളോടെയായിരുന്നെങ്കിലും, പാരിസിൽ തകർപ്പൻ പ്രകടനം പുറത്തെടുത്താണ് അർച്ചന വിമർശരുടെ വായടപ്പിച്ചത്. വനിതകളുടെ ടീമിനത്തിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നതിനു പിന്നിൽ അർച്ചനയുടെ പ്രകടനം നിർണായകമായിരുന്നു.
ഇന്ത്യ തോൽവി വഴങ്ങിയ ക്വാർട്ടർ ഫൈനലിലും വിജയം കണ്ട ഏക ഇന്ത്യൻ താരവും അർച്ചനയായിരുന്നു. റാങ്കിങ്ങിൽ തന്നേക്കാൾ ഏറെ മുന്നിലുള്ള ഷിയാവോണ ഷാനിനെ സിംഗിൾസിൽ തോൽപ്പിച്ചാണ് അർച്ചന ഇന്ത്യയുടെ പരാജയ ഭാരം കുറച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് അർച്ചനയുടെ പിൻമാറ്റത്തിനു കാരണമെന്ന് ആദ്യം അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും, തുടർ പഠനം മുൻനിർത്തിയാണ് ടേബിൾ ടെന്നിസ് വിടുന്നതെന്ന് അർച്ചന തന്നെ പിന്നീട് വ്യക്തമാക്കി.
‘‘ഞാൻ സജീവ ടേബിൾ ടെന്നിസിൽനിന്ന് വിരമിക്കുകയാണ്. പഠനത്തോടുള്ള താൽപര്യം ഒന്നു കൊണ്ടു മാത്രമാണ് ഇത്തരമൊരു തീരുമാനം. പാരിസ് ഒളിംപിക്സുമായി ബന്ധപ്പെട്ടും അല്ലാതെയും എനിക്ക് കാര്യമായ സാമ്പത്തിക പിന്തുണ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങളുടെ പേരിലല്ല ഞാൻ ടേബിൾ ടെന്നിസ് വിടുന്നത്’ – അർച്ചന വിശദീകരിച്ചു.