ADVERTISEMENT

തിരുവനന്തപുരം∙ ഒളിംപിക്‌സ് മത്സരങ്ങളെ വെല്ലുന്ന തരത്തില്‍ മന്ത്രിമാര്‍ നടത്തിയ കളികള്‍ അറിയാതെ ഹോക്കി താരം പി.ആര്‍.ശ്രീജേഷ് കുടുംബസമേതം തിരുവനന്തപുരത്ത്. സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാനാണ് ഇന്നലെ ഭാര്യയും മക്കളുമൊത്ത് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷ് തലസ്ഥാനത്തേക്ക് തിരിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രി വി.ശിവന്‍കുട്ടി വിളിച്ച് സ്വീകരണം മാറ്റിവച്ച കാര്യം പറഞ്ഞത്.

സാങ്കേതിക തടസങ്ങള്‍ക്കൊണ്ട് പരിപാടി മാറ്റിയെന്നാണ് അറിയിച്ചത്. സര്‍ക്കാര്‍ എന്നു സ്വീകരണം തരുന്നോ അന്ന് അത് ഏറ്റുവാങ്ങാന്‍ താന്‍ തയാറാണെന്നും ഒരു പരാതിയും ഇല്ലെന്നും ശ്രീജേഷ് പറഞ്ഞു. ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഉള്‍പ്പെടെ അഭിമാനകരമായ വിജയങ്ങള്‍ നേടിയ ശേഷം നാട്ടില്‍ തിരികെ എത്തുമ്പോള്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും സ്വീകരിക്കാന്‍ എത്താതിരുന്നതിനെക്കുറിച്ച് പരിഭവം പറഞ്ഞിരുന്നതില്‍നിന്നാണ് ശ്രീജേഷിനെ സ്വീകരിക്കാന്‍ മന്ത്രിമാര്‍ മത്സരിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

ഒളിംപിക്‌സില്‍ വെങ്കലം സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായി ഈ മാസം നാട്ടിലേക്ക് മടങ്ങിയെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താതിരുന്ന മന്ത്രിമാരാണ് ഇപ്പോള്‍ തലസ്ഥാനത്തെ സ്വീകരണത്തിന്റെ പേരില്‍ തമ്മിലടിക്കുന്നത്. ഒളിംപിക്‌സ് മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പുകള്‍ക്കായി മറ്റു സംസ്ഥാനങ്ങള്‍ താരങ്ങള്‍ക്കും കോച്ചുകള്‍ക്കും പണം നല്‍കിയപ്പോള്‍ കേരളത്തില്‍ അതിനു പോലും മന്ത്രിമാര്‍ മുന്‍കൈ എടുത്തിരുന്നില്ല. വിഷയം വിവാദമായപ്പോള്‍ ഒളിംപിക്‌സ് തുടങ്ങുന്ന അന്നാണ് മുന്നൊരുക്കള്‍ക്കായി അഞ്ചു താരങ്ങള്‍ക്കും കോച്ചുമാര്‍ക്കുമായി കായിക വകുപ്പ് അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചത്. മത്സരം കഴിഞ്ഞ് നാട്ടിലെത്തിയിട്ടും ഈ പണം കൊടുക്കാന്‍ തയാറായിട്ടില്ല.

മുന്‍പ് ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ ഇന്ത്യയെ അഭിമാനകരമായ നേട്ടത്തിലെത്തിച്ച ശേഷം ശ്രീജേഷ് കേരളത്തില്‍ മടങ്ങിയെത്തുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ആരും സ്വീകരിക്കാന്‍ എത്തുമായിരുന്നില്ല. വിമാനത്താവളത്തില്‍ കുടുംബവും ആരാധകരും കൂട്ടുകാരുമാണ് ഇന്ത്യന്‍ താരത്തെ കാത്തുനിന്നിരുന്നത്. ഇപ്പോള്‍ മന്ത്രിമാരുടെ മത്സരത്തെ തുടര്‍ന്ന് അഭിമാനതാരത്തിന്റെ സ്വീകരണം തന്നെ മാറ്റിവയ്‌ക്കേണ്ടിവരുന്നു. ഇത്തരം വിവാദങ്ങള്‍ നമ്മുടെ നാട്ടിലെ കായികതാരങ്ങള്‍ക്കു നല്‍കുന്ന സന്ദേശം ശുഭകരമാണോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണമെന്ന് കായികരംഗത്തുള്ളവര്‍ പറയുന്നു.

മന്ത്രിമാരായ വി.ശിവന്‍കുട്ടിയും വി.അബ്ദുറഹിമാനും തമ്മിലുള്ള തര്‍ക്കംമൂലമാണ് പി.ആര്‍.ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റിയത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നല്‍കാന്‍ വകുപ്പിനാണ് അര്‍ഹതയെന്നു ശിവന്‍കുട്ടിയും ഒളിംപിക്‌സ് മെഡല്‍ ജേതാവിനു സ്വീകരണം നല്‍കേണ്ടത് കായിക വകുപ്പാണെന്ന് അബ്ദുറഹിമാനും വാദിച്ചതോടെ ചടങ്ങ് മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശ്രീജേഷിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്നലെ സ്വീകരണം നല്‍കാനായിരുന്നു കായിക വകുപ്പിന്റെ തീരുമാനം. എന്നാല്‍, മുഖ്യമന്ത്രി അസൗകര്യം അറിയിച്ചതോടെ ചടങ്ങു മറ്റൊരു ദിവസം നടത്താമെന്നു കായികവകുപ്പ് അറിയിച്ചു.

ഇതിനിടെ, ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിനു നാളെ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഉറപ്പും ലഭിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നു ജിമ്മി ജോര്‍ജ് സ്റ്റേഡിയം വരെ ഘോഷയാത്രയും ആസൂത്രണം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനവും നടത്തി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മുഹമ്മദ് അനസ്, കുഞ്ഞ് മുഹമ്മദ്, പി.യു.ചിത്ര, വി.കെ.വിസ്മയ, വി.നീന എന്നിവര്‍ക്കു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍മാരായുള്ള നിയമന ഉത്തരവ് ചടങ്ങില്‍ മുഖ്യമന്ത്രി കൈമാറുമെന്നും മന്ത്രി അറിയിച്ചു. അപ്പോഴേക്കും അബ്ദുറഹിമാന്‍ മുഖ്യമന്ത്രിയോടു പരാതി പറഞ്ഞു. തുടര്‍ന്നാണു സ്വീകരണം മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

English Summary:

PR Sreejesh reached Thiruvananthapuram for Kerala government's reception

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com