ADVERTISEMENT

ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സ് ഗുസ്തി മത്സരത്തിൽനിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് സ്വർണ മെഡൽ സമ്മാനിച്ച് ഹരിയാനയിലെ സർവ്ഖാപ് പഞ്ചായത്ത്. 50 കിലോ ഗ്രാം വിഭാഗം ഫൈനലിനു യോഗ്യത നേടിയ വിനേഷിനെ മത്സരത്തിനു തൊട്ടുമുൻപാണ് 100 ഗ്രാം ഭാരം കൂടുതലാണെന്നു പറഞ്ഞ് സംഘാടകർ പുറത്താക്കിയത്. പാരിസിൽനിന്നു നാട്ടിലേക്ക് തിരിച്ചെത്തിയ വിനേഷിനായുള്ള സ്വീകരണ പരിപാടികൾ തുടരുകയാണ്. തന്റെ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്ന് വിനേഷ് സ്വീകരണ വേദിയിൽ പ്രതികരിച്ചു.

‘‘എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. അത് ആരംഭിച്ചിട്ടേയുള്ളൂ. പ്രതിഷേധ സമരത്തിനിടെയും ഞങ്ങൾ ഇക്കാര്യമാണു പറഞ്ഞത്. പാരിസിൽ മത്സരിക്കാൻ സാധിക്കാതെ വന്നപ്പോള്‍, അതു വളരെ ദൗർഭാഗ്യകരമായാണു തോന്നിയത്. എന്നാൽ ഇന്ത്യയിൽ മടങ്ങിയെത്തി, ഇവിടത്തെ സ്നേഹവും പിന്തുണയും കണ്ടപ്പോൾ ഞാൻ ഭാഗ്യവതിയാണെന്നു മനസ്സിലാക്കുന്നു.’’– വിനേഷ് ഫോഗട്ട് പ്രതികരിച്ചു. ഹരിയാനയിലെ ബലലി ഗ്രാമത്തിൽനിന്നുള്ള വിനേഷ് ഫോഗട്ടിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആളുകളാണ് ഓരോ പരിപാടികളിലും പങ്കെടുക്കുന്നത്. താരം ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ എത്തിയപ്പോഴും സ്വീകരിക്കുന്നതിന് ഖാപ് പഞ്ചായത്ത് പ്രതിനിധികൾ എത്തിയിരുന്നു.

സ്വന്തം നാട്ടിൽവച്ച് ലഭിക്കുന്ന ആദരവ് ആയിരം ഒളിംപിക് മെഡലുകളേക്കാൾ വലുതാണെന്നു വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചു. ഒളിംപിക്സ് അയോഗ്യതയ്ക്കു പിന്നാലെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും യുണൈറ്റഡ് വേൾഡ് റസ്‍ലിങ്ങിനും എതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ വിനേഷിന്റെ പരാതി ഒരാഴ്ചയ്ക്കു ശേഷം കോടതി തള്ളുകയായിരുന്നു. ഒളിംപിക്സിൽനിന്നു പുറത്തായതിനു പിന്നാലെ ഗുസ്തി കരിയർ അവസാനിപ്പിക്കുന്നതായി വിനേഷ് പ്രഖ്യാപിച്ചിരുന്നു.

English Summary:

Vinesh Phogat honoured with gold medal by Haryana panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com