ശീതൾ ദേവിയുടെ ‘ബുൾസ് ഐ ഷോട്ട്’ സൂപ്പർ ഹിറ്റ്, മെഡൽ ഇല്ലെങ്കിലും വൈറൽ; കയ്യടിച്ച് ബാര്‍സിലോന താരം
Mail This Article
പാരിസ്∙ പാരാലിംപിക്സിലെ വൈറൽ താരമായി ഇന്ത്യയുടെ ശീതൾ ദേവി. 17 വയസ്സുകാരിയായ താരം പാരിസിൽ വനിതാ കോംപൗണ്ട് ആർച്ചറിയിൽ ശനിയാഴ്ച മത്സരിക്കാൻ ഇറങ്ങിയെങ്കിലും മെഡൽ വിജയിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ കാലുകൊണ്ട് അമ്പെയ്യുന്ന താരത്തിന്റെ ബുൾസ് ഐ ഷോട്ട് കായിക ലോകത്ത് വൻ ചർച്ചയായി. ബാർസിലോനയുടെ യുവതാരം ജൂൾസ് കോണ്ടെ ഇന്ത്യൻ പാരാ ആർച്ചറുടെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്.
703 പോയിന്റ് നേടി ലോകറെക്കോർഡിട്ടാണ് ശീതൾ ദേവി വനിതാ കോംപൗണ്ട് ആർച്ചറി ഇനത്തിൽ യോഗ്യത നേടിയത്. ചിലെയുടെ സുനിക മരിയാനയോട് 137–138 ന് തോറ്റതോടെ ശീതൾ ദേവിക്ക് നോക്കൗട്ടിൽ കടക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ഇന്ത്യൻ താരത്തിന്റെ പ്രകടനം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായി.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ശീതൾ ദേവിയുടെ പ്രകടനം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ചൈനയിലെ ഹാങ്ചോവിൽ നടന്ന ഏഷ്യൻ പാരാഗെയിംസിൽ ഇന്ത്യയ്ക്കായി രണ്ടു സ്വർണവും ഒരു വെള്ളിയും നേടിയ താരമാണ് ശീതൾ ദേവി. ശീതൾ പാരിസിൽ മെഡൽ നേടുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.