ആർച്ചറിയിൽ ഹർവീന്ദർ സിങ്ങിന് സ്വർണം; പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ 4–ാം സ്വർണം, 22–ാം മെഡൽ
Mail This Article
പാരിസ്∙ പാരാലിംപിക്സ് ചരിത്രത്തിൽ രാജ്യത്തിന്റെ ഏറ്റവും വലിയ മെഡൽവേട്ടയുമായി കുതിക്കുന്ന ഇന്ത്യയ്ക്ക്, പാരിസ് പാരാലിംപിക്സിൽ നാലാം സ്വർണം. ആർച്ചറിയിൽ പുരുഷവിഭാഗം വ്യക്തിഗത റീകർവ് ഓപ്പൺ വിഭാഗത്തിൽ ഹർവീന്ദർ സിങ്ങാണ് സ്വർണം നേടിയത്. ആവേശകരമായ ഫൈനലിൽ പോളണ്ട് താരം ലൂക്കാസ് സിസക്കിനെ 6–0ന് തകർത്താണ് ഹർവീന്ദർ സ്വർണം എയ്തിട്ടത്. പാരാലിംപിക്സ് ആർച്ചറിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹർവീന്ദർ. പാരിസിൽ ഇന്ത്യയുടെ 22–ാം മെഡലാണിത്. നാല് സ്വർണം, 8 വെള്ളി, 10 വെങ്കലം എന്നിങ്ങനെയാണ് ഇതുവരെ ഇന്ത്യയുടെ നേട്ടം. ടോക്കിയോയിൽ നേടിയ ആകെ മെഡൽ നേട്ടത്തേക്കാൾ മൂന്നെണ്ണം കൂടുതലാണിത്.
കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ പാരാലിംപിക്സ് പുരുഷവിഭാഗം ഷോട്ട്പുട്ടിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി സച്ചിൻ സർജേറാവു ഖിലാരി വെള്ളി നേടിയിരുന്നു. പുരുഷവിഭാഗം എഫ്46 വിഭാഗത്തിൽ 16.32 മീറ്റർ ദൂരം കണ്ടെത്തിയാണ് സച്ചിൻ വെള്ളി സ്വന്തമാക്കിയത്. 16.38 മീറ്റർ ദൂരം കണ്ടെത്തിയ കാനഡയുടെ ഗ്രെഗ് സ്റ്റുവാർട്ടിനാണ് സ്വർണം. ഈ സീസണിൽ താരത്തിന്റെ ഏറ്റവും മികച്ച ദൂരം കൂടിയാണിത്. ഇതേയിനത്തിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളായ മുഹമ്മദ് യാസിർ 14.21 മീറ്റർ ദൂരത്തോടെ എട്ടാമതാണ് ഫിനിഷ് ചെയ്തത്. 14.10 മീറ്റർ ദൂരം കണ്ടെത്തിയ രോഹിത് കുമാർ ഒൻപതാമനായി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരനാണ് വെള്ളി നേടിയ സച്ചിൻ. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയിരുന്നു.
ഇന്നു പുലർച്ചെ നടന്ന മത്സരങ്ങളിൽ ശരത് കുമാർ പുരുഷ വിഭാഗം ഹൈജംപിൽ (ടി63) വെള്ളി നേടി. ശരത് ടോക്കിയോ പാരാലിംപിക്സിൽ വെങ്കലം നേടിയിരുന്നു. ഇതേയിനത്തിൽ തമിഴ്നാട് താരം മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി. 2016ലെ റിയോ പാരാലിംപിക്സിൽ ഇതേയിനത്തിൽ സ്വർണവും 2020ലെ ടോക്കിയോ പാരാലിംപിക്സിൽ വെള്ളിയും നേടിയ താരമാണ് മാരിയപ്പൻ. ഇതോടെ, പാരാലിംപിക്സിൽ മൂന്നു മെഡൽ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമായി ഇദ്ദേഹം.
മാരിയപ്പൻ തങ്കവേലുവിനു പിന്നാലെ പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ (എഫ്46) അജീത് സിങ് വെള്ളി നേടി. ഇതേയിനത്തിൽ സുന്ദർ സിങ് ഗുർജാറിനാണ് വെങ്കലം. ടോക്കിയോയിലും ഇതേയിനത്തിൽ സുന്ദർ വെങ്കലം നേടിയിരുന്നു.