പാരിസ് പാരാലിംപിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ, 26–ാം മെഡൽ; ഹൈജംപിൽ പ്രവീൺ കുമാറിനു സ്വർണം
Mail This Article
പാരിസ് ∙ ശരീരത്തിന്റെ പരിമിതികളെ പൊരുതിത്തോൽപിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് പാരാലിംപിക്സിൽ വീണ്ടും മെഡൽ പകിട്ട്. പുരുഷ വിഭാഗം ഹൈജംപിൽ (ടി64) ഇന്ത്യയുടെ പ്രവീൺ കുമാർ സ്വർണം നേടി. ടോക്കിയോ പാരാലിംപിക്സിൽ ഇതേയിനത്തിൽ നേടിയ വെള്ളിയാണ് നാലു വർഷങ്ങൾക്കിപ്പുറം പാരിസിൽ പ്രവീൺ കുമാർ സ്വർണമാക്കി മെച്ചപ്പെടുത്തിയത്. പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ 26–ാം മെഡലാണിത്. ആറു സ്വർണവും ഒൻപതു വെള്ളിയും 11 വെങ്കലവും സഹിതമാണ് ഇന്ത്യയുടെ മെഡൽനേട്ടം 26ൽ എത്തിയത്.
പുരുഷൻമാരുടെ ക്ലബ് ത്രോയിൽ (എഫ്51 വിഭാഗം) ഹരിയാനക്കാരൻ ധരംബീർ ഇന്നലെ സ്വർണം നേടിയിരുന്നു. അരയ്ക്കു താഴെ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ ഏഷ്യൻ റെക്കോർഡോടെയാണ് മുപ്പത്തഞ്ചുകാരൻ ധരംബീറിന്റെ സ്വർണനേട്ടം (34.92 മീറ്റർ). ഇതേയിനത്തിൽ ഫരീദാബാദ് സ്വദേശി പ്രണവ് സൂർമ വെള്ളിയും നേടി. ജൂഡോയിൽ പുരുഷ 60 കിലോഗ്രാം വിഭാഗത്തിൽ മധ്യപ്രദേശ് സ്വദേശി കപിൽ പർമാർ വെങ്കല ജേതാവായി.