റോയൽസ് പറഞ്ഞ ‘മേജര്‍ മിസിങ്’ സഞ്ജുവല്ല, സംഗക്കാര; ദ്രാവിഡ് വന്നാൽ ടീം വിടും?
Mail This Article
ജയ്പൂർ∙ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി ചുമതലയേറ്റാൽ കുമാർ സംഗക്കാര ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് സ്ഥാനം ഒഴിഞ്ഞേക്കും. രാഹുൽ ദ്രാവിഡും ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്ന വിക്രം റാത്തോഡും രാജസ്ഥാൻ റോയൽസിൽ ചേർന്നാൽ സംഗക്കാര ടീമിലെ ചുമതലകൾ ഒഴിയും. ഐപിഎൽ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ ചർച്ചകൾ തുടങ്ങിയതായാണു വിവരം.
കെകെആറിന്റെ മെന്റർ സ്ഥാനമാണ് സംഗക്കാര ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്കു നയിച്ച ഗൗതം ഗംഭീർ മെന്റര്‍ സ്ഥാനം രാജി വച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ വേണ്ടിയാണ് ഗംഭീർ സ്ഥാനമൊഴിഞ്ഞത്. ഈ സ്ഥാനം ലഭിച്ചാൽ സംഗക്കാര ഐപിഎല്ലിൽ തന്നെ തുടർന്നേക്കും. സംഗക്കാര ടീം വിടുമെന്ന സൂചനകൾ രാജസ്ഥാൻ റോയൽസ് നേരത്തേ തന്നെ നൽകിയിരുന്നതായാണ് ആരാധകരുടെ വാദം.
ആഴ്ചകൾക്കു മുൻപ് ‘മേജർ മിസിങ്’ എന്ന പേരിൽ ക്യാപ്റ്റൻ സഞ്ജു സാംസണിന്റേയും സംഗക്കാരയുടേയും വിഡിയോ ദൃശ്യങ്ങൾ റോയൽസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു. സഞ്ജു ടീം വിടുമോ എന്ന് ആരാധകർ ആശങ്കപ്പെട്ടിരുന്നെങ്കിലും, റോയൽസ് ഉദ്ദേശിച്ച ‘മിസിങ്’ സംഗക്കാര ആകാനാണു സാധ്യത. ഐപിഎല്ലിലെ തന്നെ മറ്റു പല ടീമുകളിൽനിന്നും സംഗക്കാരയ്ക്ക് ഓഫറുകളുള്ളതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2021ലാണ് സംഗക്കാര രാജസ്ഥാൻ റോയൽസിന്റെ ഭാഗമാകുന്നത്. അടുത്ത സീസണിൽ തന്നെ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനൽ കളിച്ചു. കഴിഞ്ഞ സീസണിലും രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടന്നിരുന്നു. എന്നാൽ ഫൈനലിലെത്താൻ സാധിച്ചില്ല.