പാരാലിംപിക്സ്: അഭിമാന താരങ്ങൾക്ക് 14 കോടി രൂപ
Mail This Article
ന്യൂഡൽഹി ∙ പാരിസ് പാരാലിംപിക്സിൽ രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച കായികതാരങ്ങൾക്ക് 14 കോടി രൂപ സമ്മാനമായി നൽകി കായിക മന്ത്രാലയം. സ്വർണ മെഡൽ ജേതാക്കൾക്ക് 75 ലക്ഷം, വെള്ളി മെഡൽ നേടിയവർക്ക് 50 ലക്ഷം, വെങ്കല മെഡൽ ജേതാക്കൾക്ക് 30 ലക്ഷം രൂപ എന്നിങ്ങനെയാണു സമ്മാനത്തുക നൽകിയത്. പാരിസിൽനിന്ന് തിരികെയെത്തിയ പാരാലിംപിക്സ് സംഘത്തിനു ഡൽഹിയിൽ നൽകിയ സ്വീകരണത്തിൽ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ സമ്മാനത്തുക കൈമാറി. 2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന പാരാലിംപിക്സിൽ പങ്കെടുക്കാൻ എല്ലാ സഹായങ്ങളും സംവിധാനങ്ങളും നൽകുമെന്നും മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കായിക താരങ്ങളെ നേരിൽ അനുമോദിക്കും.
പാരിസ് ഒളിംപിക്സിനു തൊട്ടുപിന്നാലെ നടന്ന പാരാലിംപിക്സിൽ റെക്കോർഡ് മെഡൽ നേട്ടവുമായാണ് ഇന്ത്യൻ സംഘം മടങ്ങിയെത്തിയത്. 2021 ടോക്കിയോ ഗെയിംസിൽ 5 സ്വർണം ഉൾപ്പെടെ 19 മെഡലുകളായിരുന്നു ഇന്ത്യയുടെ നേട്ടം. പാരിസിൽ 7 സ്വർണം ഉൾപ്പെടെ 29 മെഡലുകൾ രാജ്യം നേടി.
9 വെള്ളിയും 13 വെങ്കല മെഡലുകളും അടക്കം പാരാലിംപിക്സ് ചരിത്രത്തിൽ ഇന്ത്യയ്ക്കാകെ 50 മെഡലെന്ന നേട്ടവും രാജ്യത്തിന് സ്വന്തമായി. നൂറ്റമ്പതിലേറെ രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ 18–ാം സ്ഥാനക്കാരാണ് ഇന്ത്യ.