ഇരട്ടഗോളുമായി പടനയിച്ച് നായകൻ ഹർമൻപ്രീത്; പാക്കിസ്ഥാനെയും വീഴ്ത്തി ഇന്ത്യ, അഞ്ചാം ജയം– വിഡിയോ
Mail This Article
ബെയ്ജിങ്∙ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി മുന്നിൽനിന്ന് നയിച്ചതോടെ, ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ അഞ്ചാം ജയം. ഇത്തവണ ബദ്ധവൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. ഇതോടെ, ഗ്രൂപ്പ് ചാംപ്യൻമാരായി ഇന്ത്യ സെമിയിലെത്തി. ടൂർണമെന്റിലെ അഞ്ച് ഗ്രൂപ്പ് മത്സരങ്ങളും ജയിച്ച് അജയ്യരായാണ് ഇന്ത്യയുടെ കുതിപ്പ്.
ആദ്യ ക്വാർട്ടറിൽത്തന്നെ നദീം അഹമ്മദിലൂടെ ലീഡ് നേടിയ പാക്കിസ്ഥാനെ, പിന്നിൽനിന്ന് തിരിച്ചടിച്ചാണ് ഇന്ത്യ വീഴ്ത്തിയത്. എട്ടാം മിനിറ്റിലാണ് നദീം അഹമ്മദ് പാക്കിസ്ഥാന് ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് 13, 19 മിനിറ്റുകളിൽ പെനൽറ്റി കോർണറുകളിൽ നിന്നാണ് ലക്ഷ്യം കണ്ടത്. മലയാളി താരം പി.ആർ. ശ്രീജേഷിന്റെ പിൻഗാമിയായി ഇന്ത്യൻ ഗോൾകീപ്പറായ കൃഷൻ ബഹദൂർ പതകിന്റെ തകർപ്പൻ സേവുകളും മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായി.
കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച മത്സരത്തിലും ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ടഗോൾ നേടിയിരുന്നു. കരിയറിൽ 200 ഗോളുകളെന്ന നാഴികക്കല്ലും പിന്നിട്ടു. അതിനു മുൻപ് കരുത്തരായ മലേഷ്യയ്‌ക്കെതിരെ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും സ്വന്തമാക്കി. മലേഷ്യയെ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ആതിഥേയരായ ചൈനയെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു.