ജാവലിൻ എറിഞ്ഞശേഷം നീരജ് കൈകുത്തി വീഴാതിരുന്നത് വെറുതെയല്ല; മത്സരിച്ചത് പൊട്ടലുള്ള വിരലുമായി– വിഡിയോ
Mail This Article
ബ്രസൽസ് (ബൽജിയം) ∙ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇടതു കയ്യിൽ പൊട്ടലുമായാണ് മത്സരിച്ചതെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വെളിപ്പെടുത്തൽ. പരിശീലനത്തിനിടെയാണ് ഇടതു കൈയ്ക്ക് പരിക്കേറ്റത്. പൊട്ടലുള്ള കൈവിരലുമായി മത്സരിച്ച നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. ഒറ്റ സെന്റിമീറ്ററിനാണ് നീരജിന് സ്വർണം നഷ്ടമായത്. ഇതിനു പിന്നാലെയാണ്, പരുക്കിന്റെ കാര്യം താരം വെളിപ്പെടുത്തിയത്.
"തിങ്കളാഴ്ച പരിശീലനത്തിനിടെ എനിക്ക് പരിക്കേറ്റിരുന്നു. എക്സ്-റേ പരിശോധനയിൽ ഇടതു കയ്യിലെ നാലാമത്തെ വിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഇത് സത്യത്തിൽ കനത്ത വെല്ലുവിളിയായിരുന്നു. എന്നാൽ എന്റെ ടീമിന്റെ പിന്തുണയോടെ, ബ്രസൽസിൽ മത്സരിക്കാൻ കഴിഞ്ഞു," – 26 കാരനായ നീരജ് ചോപ്ര സമൂഹ മാധ്യമത്തിൽ കുറിച്ചു.
ജാവലിൻ എറിഞ്ഞ ശേഷം ഇടതുകൈ നിലത്തു കുത്തിവീഴുന്ന പതിവുള്ള നീരജ്, ശനിയാഴ്ച നടന്ന ഫൈനൽ മത്സരത്തിലുടനീളം ഇത് ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
മത്സരത്തിൽ 87.86 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേടിയത്. ഒരു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. 87.87 മീറ്റർ ദൂരം ഏറിഞ്ഞ മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് സ്വർണം. ജർമനിയുടെ ജൂലിയൻ വെബ്ബർ (85.97 മീറ്റർ) മൂന്നാമതെത്തി. 2022-ൽ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടർച്ചയായി രണ്ടാം വർഷമാണ് ഫൈനലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.