കരുതിയിരിക്കുക, കരുനീക്കം തുടങ്ങിക്കഴിഞ്ഞു!: ചെസ് ഒളിംപ്യാഡ് ഇന്ത്യയുടെ മാർച്ച് പാസ്റ്റ്
Mail This Article
1912. ഇന്നത്തെ പോളണ്ടിലുള്ള ബ്രസ്‌ലാവിൽ റഷ്യൻ ചെസ് മാസ്റ്ററായ സ്റ്റെഫാൻ ലെവിറ്റ്സ്കിയെ നേരിടുകയായിരുന്നു യുഎസ് ചെസ് ചാംപ്യനായ ഫ്രാങ്ക് മാർഷൽ. ലെവിറ്റ്സികിയെ തോൽപിച്ച മാർഷലിന്റെ ‘ക്വീൻ സാക്രിഫൈസ്’ കണ്ട് കാണികൾ ചെസ് ബോർഡിലേക്ക് സ്വർണനാണയങ്ങളെറിഞ്ഞു എന്നാണു കഥ. കളിയും കാലവും മാറിയെങ്കിലും മറ്റൊരർഥത്തിൽ ചെസ് ബോർഡിൽനിന്ന് സ്വർണംവാരുകയാണ് ഇന്ത്യൻ ടീമുകൾ. ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ, വനിതാ വിഭാഗങ്ങളിലായി ഇരട്ട സ്വർണം, വ്യക്തിഗത ബോർഡുകളിൽ നാലു സ്വർണം– അവിസ്മരണീയ നേട്ടത്തോടെയാണ് ബുഡാപെസ്റ്റ് ഒളിംപ്യാഡിൽനിന്ന് ഇന്ത്യയുടെ മടക്കം. പ്രതാപകാലത്തെ സോവിയറ്റ് യൂണിയന്റെ ചെസ് പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ നേട്ടം. 1980 മുതൽ 86 വരെ സോവിയറ്റ് യൂണിയനും 2018ൽ ചൈനയും മാത്രമേ ഒളിംപ്യാഡ് ഡബിൾ നേടിയിട്ടൂള്ളൂ.
11 റൗണ്ടുകളിൽ പത്തിലും എതിരാളികളെ നിലംപരിശാക്കി ജയം, ഒന്നിൽ സമനില. ആകെ 44 കളികളിൽ ഒറ്റ തോൽവി മാത്രം. ഓപ്പൺ വിഭാഗത്തിലെ ഇന്ത്യയുടെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. രണ്ടുമാസത്തിനു ശേഷം ലോക ചാംപ്യൻഷിപ് നിലനിർത്താനിറങ്ങുന്ന നിലവിലെ ചാംപ്യൻ ഡിങ് ലിറനു മുന്നറിയിപ്പായിരുന്നു ചാലഞ്ചറായ ഇന്ത്യയുടെ ഗുകേഷിന്റെ പ്രകടനം. ഒന്നാംബോർഡിൽ കളിച്ച 10 കളികളിൽ എട്ടു ജയം, രണ്ടു സമനില. ടൂർണമെന്റ് പെർഫോമൻസ് റേറ്റിങ് (ടിപിആർ) അനുസരിച്ച് ഗുകേഷിന്റെ ഒളിംപ്യാഡ് പ്രകടനം റെക്കോർഡാണ് (3056). സാക്ഷാൽ മാഗ്നസ് കാൾസന്റെ നിലവിലെ റേറ്റിങ് 2832 ആണെന്ന് ഓർക്കണം. 11 റൗണ്ടുകളിൽ 10 പോയിന്റുമായി (ടിപിആർ 2968) നടത്തിയ ഗംഭീരപ്രകടനം ലൈവ് റേറ്റിങ്ങിൽ അർജുൻ എരിഗെയ്സിയെ ലോക മൂന്നാംനമ്പർ താരമാക്കി ഉയർത്തി. എല്ലാ കളിയിലും എതിരാളിയെ കശാപ്പു ചെയ്യാനാഗ്രഹിക്കുന്ന ഉന്മാദി എന്നു മാഗ്നസ് കാൾസൻ എരിഗെയ്സിയെ വിശേഷിപ്പിക്കുകയും ചെയ്തു. ചെസിലെ 2800 എന്ന മാന്ത്രിക റേറ്റിങ് നേട്ടത്തിനു തൊട്ടടുത്താണ് അർജുനും നിലവിൽ ലൈവ് റേറ്റിങ്ങിൽ അഞ്ചാംസ്ഥാനക്കാരനായ ഗുകേഷും.
ഗുകേഷും അർജുനും പ്രഗ്നാനന്ദയുമടങ്ങുന്ന പുതുതലമുറയുടെ വളർച്ചപോലെ തലമുറമാറ്റത്തിനു തയാറെടുക്കുകയാണ് ഇന്ത്യൻ വനിതകളും എന്നതിന് ദിവ്യ ദേശ്‌മുഖിന്റെയും വാന്തിക അഗർവാളിന്റെയും പ്രകടനങ്ങൾ തെളിവ്. 1961ൽ, റിഗായിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന ലോക ചാംപ്യൻ മിഖായിൽ താൽ 18 വയസ്സുള്ള റോബർട് ജെയിംസ് ഫിഷറോട് ആദ്യമായി തോറ്റശേഷം പറഞ്ഞു: ‘‘ഐൻസ്റ്റൈന്റെ തിയറിയോട് ഏറ്റുമുട്ടുന്നത് വിഷമകരമാണ്’’. 11 വർഷങ്ങൾ കഴിഞ്ഞ് ബോബി ഫിഷർ എന്ന ഇതിഹാസവും ലോക ചാംപ്യനും പിറന്നെന്നത് ചരിത്രം. അതുപോലെ, ചെസ് ബോർഡിനപ്പുറം ഒരു ഇന്ത്യൻ തല കാണുമ്പോൾ ലോകം ഇങ്ങനെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു: ഇന്ത്യക്കാരനാണ്, കരുതിയിരിക്കുക!
ഗുകേഷിന് ഇനി ലോക ചാംപ്യൻഷിപ്
ചെസ് ഒളിംപ്യാഡിനു രണ്ടു മാസങ്ങൾക്കപ്പുറം ഇന്ത്യൻ താരം ഡി.ഗുകേഷിനെ കാത്തിരിക്കുന്നത് ലോക ചെസ് ചാംപ്യൻഷിപ് മത്സരം. നവംബർ 25 മുതൽ ഡിസംബർ 13 വരെ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് നേരിടുന്നത്. സിംഗപ്പൂരിലെ സെന്റോസ റിസോർട്ട്സ് വേൾഡ് ആണ് വേദി. നിലവിലെ ചാംപ്യനാണ് ഡിങ്. റഷ്യൻതാരം യാൻ നീപോംനീഷിയുമായി ക്ലാസിക്കൽ മത്സരങ്ങൾക്കൊടുവിൽ നടന്ന ടൈബ്രേക്കറിലാണ് ഡിങ് ജേതാവായത്. ലോക ചാംപ്യനായതിനുശേഷം അധികം മത്സരങ്ങൾ കളിക്കാത്ത ഡിങ് റാങ്കിങ്ങിലും പിന്നോട്ടുപോയി.ലോക ചാംപ്യൻഷിപ് ഫൈനൽ കളിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞതാരമാണ് ഗുകേഷ്. കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗുകേഷ് എതിരാളികളെ അര പോയിന്റിനു പിന്നിലാക്കിയാണ് നിലവിലെ ചാംപ്യനുമായി ഫൈനൽ കളിക്കാൻ യോഗ്യത നേടിയത്. 25 ലക്ഷം ഡോളറാണ് (ഏകദേശം 20 കോടി രൂപ) ലോക ചാംപ്യൻഷിപ്പിലെ ആകെ സമ്മാനത്തുക.