എവിടെപ്പോയാലും ഒളിംപിക്സ് മെഡലുമായി ‘ഷോ’യെന്ന് ട്രോൾ: സാരിയിൽ ‘മെഡൽ ഷോ’യുമായി തിരിച്ചടിച്ച് മനു– വിഡിയോ
Mail This Article
മുംബൈ∙ പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയതു മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ താരം മനു ഭാക്കർ. ഒളിംപിക്സിലെ മെഡൽ നേട്ടത്തിനു ശേഷം തിരിച്ചെത്തിയ മനു ഭാക്കർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണ യോഗങ്ങൾ ഉൾപ്പെടെ വ്യത്യസ്ത പരിപാടികൾക്കായി ക്ഷണിക്കപ്പെട്ടിരുന്നു. ഇവിടങ്ങളിലെല്ലാം ഒളിംപിക്സ് മെഡലുകളുമായി പോകുന്നതാണ് മനുവിന്റെ രീതി. ഇതോടെയാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളുകൾ ഉയർന്നത്.
‘‘പാരിസ് ഒളിംപിക്സിൽ ഞാൻ നേടിയ രണ്ടു മെഡലുകളും ഇന്ത്യയ്ക്കായി നേടിയതാണ്. ഒളിംപിക്സിനു ശേഷം ഏതു പരിപാടിക്ക് എന്നെ വിളിച്ചാലും മെഡലുകൾ കൂടി കൊണ്ടുവരണമെന്ന് സംഘാടകർ ആവശ്യപ്പെടാറുണ്ട്. മെഡലുമായി പോകുന്നതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. എന്റെ സുന്ദരമായ യാത്ര എല്ലാവരുമായി പങ്കുവയ്ക്കുന്നതിനുള്ള എന്റെ രീതി ഇതാണ്’ – മനു ഭാക്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സാരിയുടുത്ത് കഴുത്തിൽ ഇരു മെഡലുകളും ധരിച്ചുള്ള ചിത്രം സഹിതമാണ് മനു ഭാക്കറിന്റെ മറുപടി പോസ്റ്റ്.
നേരത്തെ, ട്രോളുകളുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തോടും മനു ഭാക്കർ പ്രതികരിച്ചിരുന്നു. ‘ഞാൻ മെഡലുകൾ കൊണ്ടുനടക്കും. അതിലെന്താണ് പ്രശ്നം’ എന്നായിരുന്നു മനുവിന്റെ ചോദ്യം.
‘‘എല്ലാവരും ഞാൻ നേടിയ മെഡലുകൾ കാണണമെന്ന് ആഗ്രഹം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടാണ് എവിടെപ്പോയാലും അതു കൊണ്ടുപോകുന്നത്. ഏതു പരിപാടിക്കു വിളിച്ചാലും മെഡലുകൾ കൂടി കൊണ്ടുവരണമെന്ന് അവർ അഭ്യർഥിക്കാറുണ്ട്. ഞാൻ ഏറ്റവും അഭിമാനത്തോടെ അതു കൊണ്ടുപോകാറുമുണ്ട്. ഈ പരിപാടികളിലെല്ലാം മെഡലുകളുമായി നിൽക്കുന്ന എത്രയോ ചിത്രങ്ങളാണ് പകർത്തിയത്’ – മനു പറഞ്ഞു.