ശ്രീജേഷിന് കേരള സർക്കാരിന്റെ ‘മാറ്റിവച്ച’ സ്വീകരണം 19ന്; മുഖ്യമന്ത്രി മുഖ്യാതിഥിയാകും, 2 കോടി രൂപ സമ്മാനിക്കും
Mail This Article
തിരുവനന്തപുരം∙ പാരിസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 19ന് നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. രാവിലെ 11.30ന് നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാകും. കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ, സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപ സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടർ കൂടിയായ ശ്രീജേഷിനു വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 26ന് സ്വീകരണം തീരുമാനിച്ചതാണ്. എന്നാൽ കായിക വകുപ്പിനെ അവഗണിച്ചുള്ള പരിപാടിയാണെന്ന പരാതിയുമായി മന്ത്രി അബ്ദുറഹിമാൻ മുഖ്യമന്ത്രിയെ സമീപിച്ചതോടെ പരിപാടി മാറ്റിവച്ചു.
പരിപാടിയിൽ പങ്കെടുക്കാനായി ശ്രീജേഷ് കുടുംബ സമേതം കൊച്ചിയിൽനിന്നു തലസ്ഥാനത്തേക്കു തിരിച്ചശേഷമാണ് പരിപാടി മാറ്റിയ വിവരം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ദേഹത്തെ അറിയിച്ചത്. അഭിമാനതാരത്തെ വിളിച്ചു വരുത്തി അപമാനിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. എന്നാൽ, തർക്കംമൂലം പരിപാടി മാറ്റിയതെന്നത് അടിസ്ഥാന രഹിതമായ വാർത്തയാണെന്നും സാങ്കേതിക കാരണത്താലാണ് മാറ്റിവച്ചതെന്നുമായിരുന്നു ഇന്നലെ മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞത്.
ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, പി.യു.ചിത്ര, വി.കെ.വിസ്മയ, വി.നീന എന്നിവർക്കു വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർമാരായുള്ള നിയമന ഉത്തരവും പരിപാടിയിൽ കൈമാറുമെന്നു മന്ത്രി അറിയിച്ചു.