‘ഉത്തേജക പരിശോധനാ ചട്ടം ലംഘിച്ചു’: തിരഞ്ഞെടുപ്പ് ചൂടിനിടെ വിനേഷിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയ്ക്കു വിധേയയായില്ല എന്ന കാരണത്താൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നോട്ടിസ്. ഉത്തേജക പരിശോധനാ ചട്ടം ലംഘിച്ചതിൽ വിശദീകരണം ആരാഞ്ഞാണ് നാഡ വിനേഷിന് നോട്ടിസ് അയച്ചത്. എന്നാൽ പാരിസ് ഒളിംപിക്സിനു പിന്നാലെ ഗുസ്തിയിൽനിന്നു വിരമിച്ച വിനേഷ് ഇപ്പോഴും നാഡയുടെ പരിശോധനാ പൂളിന്റെ ഭാഗമാണോ എന്നതിൽ തർക്കമുണ്ട്.
നാഡയുടെ ടെസ്റ്റിങ് പൂളിൽ ഉൾപ്പെട്ടിട്ടുള്ള വിനേഷ് പരിശീലന, താമസ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണമെന്നും മുൻകൂർ അറിയിപ്പില്ലാതെയും ഉത്തേജക പരിശോധനയ്ക്ക് തയാറാകണമെന്നുമാണ് ചട്ടം. ഇതനുസരിച്ച് ഉത്തേജക പരിശോധനയ്ക്കായി നാഡ ഒഫീഷ്യലുകൾ ഈ മാസം ഒൻപതിന് ഹരിയാനയിലെ വിനേഷിന്റെ വീട്ടിലെത്തിയങ്കിലും അവിടെ താരത്തെ കണ്ടെത്താനായില്ല. ഇതോടെയാണ് നോട്ടിസ് അയച്ചത്.
അടുത്തിടെ കോൺഗ്രസിൽ ചേർന്ന താരം ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി നിൽക്കെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നോട്ടിസ് അയച്ചത്.