7 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു, ഹോക്കി ഇന്ത്യ ലീഗ്; ഇത്തവണ പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരം
Mail This Article
ന്യൂഡൽഹി ∙ 7 വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രഫഷനൽ ഹോക്കി ലീഗ് രാജ്യത്ത് പുനരാരംഭിക്കുന്നു. ഡിസംബർ 28ന് ആരംഭിക്കുന്ന ഹോക്കി ഇന്ത്യ ലീഗിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരമുണ്ട്. ഒഡീഷയിലെ റൂർക്കലയിൽ നടക്കുന്ന പുരുഷ വിഭാഗം മത്സരത്തിൽ 8 ടീമുകളും ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന വനിതാ വിഭാഗത്തിൽ 6 ടീമുകളും പങ്കെടുക്കും. 2013ൽ ആരംഭിച്ച ഹോക്കി ഇന്ത്യ ലീഗ് 2017 സീസണിലാണ് ഇതിനു മുൻപ് അവസാനം നടന്നത്.
ഈ മാസം 13 മുതൽ 15 വരെയാണു ഹോക്കി ഇന്ത്യ ലീഗിന്റെ താരലേലം. ചെന്നൈ, ലക്നൗ, പഞ്ചാബ്, ബംഗാൾ, ഡൽഹി, ഒഡീഷ, ഹൈദരാബാദ്, റാഞ്ചി എന്നീ നഗരങ്ങളിൽനിന്നാണ് പുരുഷ വിഭാഗത്തിലെ ടീം ഫ്രാഞ്ചൈസികൾ. വനിതകളിൽ ഹരിയാന, ബംഗാൾ, ഡൽഹി, ഒഡീഷ എന്നീ ടീമുകളെയാണു ഇപ്പോൾ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന 2 ഫ്രാഞ്ചൈസികളെ പിന്നീടു തീരുമാനിക്കും. വനിതാ വിഭാഗം ഫൈനൽ ജനുവരി 26നും പുരുഷ വിഭാഗം ഫൈനൽ ഫെബ്രുവരി ഒന്നിനും നടക്കും.