‘ഒളിംപിക് വെങ്കല മെഡൽ ജേതാവിന് രണ്ടു കോടി മാത്രം’, അഞ്ചു കോടിയും ഫ്ലാറ്റും വേണമെന്ന് പിതാവ്
Mail This Article
മുംബൈ∙ പാരിസ് ഒളിംപിക്സിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയിട്ടും മകന് രണ്ടു കോടി രൂപ മാത്രമാണു പാരിതോഷികമായി ലഭിച്ചതെന്ന് ഷൂട്ടിങ് താരം സ്വപ്നിൽ കുസാലെയുടെ പിതാവ് സുരേഷ് കുസാലെ. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ മത്സരിച്ച കുസാലെ വെങ്കല മെഡൽ വിജയിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും മഹാരാഷ്ട്ര സർക്കാർ ആകെ രണ്ടു കോടി രൂപയാണു നൽകിയതെന്നും, ഹരിയാന സർക്കാർ താരങ്ങൾക്ക് വലിയ തുകകൾ സമ്മാനിക്കുന്നുണ്ടെന്നുമാണ് സുരേഷ് കുസാലെയുടെ പരാതി.
മകന് അഞ്ചു കോടി രൂപ പാരിതോഷികവും പുണെയിലെ ഛത്രപതി ശിവജി മഹാരാജ് സ്പോർട്സ് കോംപ്ലക്സിനു സമീപം ഫ്ലാറ്റും വേണമെന്ന് സുരേഷ് കുസാലെ പ്രതികരിച്ചു. മഹാരാഷ്ട്രയിലെ കോലാപുരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേഷ് കുസാലെ. ‘‘ഹരിയാന സർക്കാർ ഒളിംപിക്സ് മെഡൽ ജേതാക്കൾക്ക് അഞ്ചു കോടി രൂപയാണു നൽകുന്നത്. മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച നയപ്രകാരം ഒളിംപിക് ജേതാക്കൾക്കു രണ്ടു കോടി ലഭിക്കും.’’
‘‘72 വർഷത്തിനിടെ വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം മഹാരാഷ്ട്രക്കാരനാണ് സ്വപ്നിൽ. എന്തിനാണ് മഹാരാഷ്ട്ര സർക്കാർ ഇത്തരം നിബന്ധനകൾ വയ്ക്കുന്നത്. സ്വർണ മെഡൽ നേടുന്നവർക്ക് അഞ്ച് കോടി, വെള്ളിക്ക് മൂന്നു കോടി, വെങ്കലത്തിന് രണ്ടു കോടി എന്നിങ്ങനെയാണു പ്രഖ്യാപിച്ചത്. വളരെയേറെ വർഷങ്ങളായി രണ്ടു പേരാണ് ഇവിടെനിന്ന് ആകെ ഒളിംപിക് മെഡൽ നേടിയിട്ടുള്ളത്. പിന്നെന്തിനാണ് ഇങ്ങനെയുള്ള പ്രഖ്യാപനങ്ങൾ.?’’
‘‘സ്വപ്നിൽ സാധാരണ കുടുംബത്തിൽ നിന്നുള്ളതിനാലാണോ ഇത്രയും ചെറിയ തുക സമ്മാനിക്കുന്നത്. എംഎൽഎയുടേയോ മന്ത്രിയുടേയോ മകനായിരുന്നെങ്കില്‍ സ്വപ്നിലിന് ഇത്രയും ചെറിയ പാരിതോഷികമായിരിക്കുമോ നൽകുക? പരിശീലനത്തിന് കൃത്യമായി എത്താൻ മകന് സ്റ്റേഡിയത്തിന് അടുത്തു തന്നെ ഫ്ലാറ്റ് വേണം. സ്റ്റേഡിയത്തിലെ റൈഫിൾ ഷൂട്ടിങ് അരീനയ്ക്ക് സ്വപ്നിലിന്റെ പേരിടണം.’’– സുരേഷ് കുസാലെ ആവശ്യപ്പെട്ടു.
പാരിസ് ഒളിംപിക്സിലെ വെങ്കല നേട്ടത്തിനു പിന്നാലെ സ്വപ്നിലിന് റെയിൽവേ ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. സെൻട്രൽ റെയിൽവേയിൽ ഓഫിസർ ഓൺ സ്പെഷല്‍ ഡ്യൂട്ടി ആയാണ് സ്വപ്നിലിന്റെ പുതിയ നിയമനം. 2.5 കോടി രൂപയാണ് ഹരിയാന സർക്കാർ ഒളിംപിക് വെങ്കല മെഡൽ ജേതാക്കൾക്കു നൽകുന്നത്.