ADVERTISEMENT

കൊച്ചി∙ നീന്തൽക്കുളത്തിൽ പിറന്ന അഞ്ച് റെക്കോഡുകളോടെ സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരദിനങ്ങൾക്ക് ആവേശകരമായ തുടക്കം. ഇതിനകം പൂ൪ത്തിയായ ഗെയിംസ് മത്സരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയിൽ മുന്നിൽ. ഗെയിംസ് ഇനങ്ങളിൽ 280 മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ 687 പോയിന്റുകളുമായാണ് തിരുവനന്തപുരം ജില്ല മുന്നിൽ നിൽക്കുന്നത്. 79 സ്വ൪ണ്ണവും 62 വെള്ളിയും 66 വെങ്കലവുമാണ് തിരുവനന്തപുരം ജില്ല നേടിയത്. 40 സ്വ൪ണവും 27 വെള്ളിയും 40 വെങ്കലവുമായി 373 പോയിന്റോടെ തൃശൂ൪ രണ്ടാം സ്ഥാനത്തും 41 സ്വ൪ണവും 27 വെള്ളിയും 40 വെങ്കലവുമായി 349 പോയിന്റോടെ കണ്ണൂ൪ ജില്ല മൂന്നാം സ്ഥാനത്തുമാണ്.

19 സ്വ൪ണം, 36 വെള്ളി, 49 വെങ്കലം സഹിതം 301 പോയിന്റുമായി പാലക്കാട് ജില്ലയാണ് നാലാമത്. 14 സ്വർണം, 26 വെള്ളി, 48 വെങ്കലം സഹിതം 208 പോയിന്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തും എറണാകുളം ജില്ല 195 പോയിന്റുമായി ആറാമതും (15 സ്വർണം, 22 വെള്ളി, 37 വെങ്കലം), കോഴിക്കോട് ജില്ല 182 പോയിന്റുമായി ഏഴാമതും (11 സ്വർണം, 25 വെള്ളി, 33 വെങ്കലം) നിൽക്കുന്നു. സ്കൂളുകളിൽ 73 പോയിന്റുകളുമായി തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസ് ആണ് മുന്നിൽ. 52 പോയിന്റുകളുമായി വട്ടിയൂ൪ക്കാവ് ഗവ. വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 43 പോയിന്റുകളുമായി കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്താണ്. അക്വാട്ടിക്സ്, ഗെയിംസ് മത്സരയിനങ്ങളാണ് ആദ്യ ദിനം നടന്നത്. അക്വാട്ടിക്സിൽ 24 മത്സരങ്ങളും ഗെയിംസിൽ 28 മത്സരങ്ങളും പൂ൪ത്തിയായി. കായികമേളയുടെ ആവേശമായ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് വ്യാഴാഴ്ച മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തുടക്കമാകും. സവിശേഷ പരിഗണന അ൪ഹിക്കുന്നവ൪ക്കായുള്ള മത്സരയിനങ്ങളും പൂ൪ത്തിയായി.

കോതമംഗലം എംഎ കോളജിൽ നടന്ന 400 മീറ്റ൪ ഫ്രീസ്റ്റൈലിലാണ് മേളയിലെ ആദ്യ റെക്കോഡ് പിറന്നത്.  തിരുവനന്തപുരം എംവിഎച്ച്എസ്എസിലെ മോൻഗം തീ൪ഥു സാംദേവാണ് ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ സ്കൂൾ കായിക മേളയുടെ ചരിത്ര തീരത്തേക്ക് നീന്തിക്കയറിയത്. ലെ സ്വന്തം റെക്കോർഡായ 4.19.76 മിനിറ്റാണ് മോൻഗം തിരുത്തിക്കുറിച്ചത്. 4.16.25 ആണ് മോൻഗത്തിന്റെ പുതിയ വേഗം. തുട൪ന്ന് സീനിയ൪ ആൺകുട്ടികളുടെ 100 മീറ്റ൪ ബാക്ക്സ്ട്രോക്ക് വിഭാഗത്തിൽ തുണ്ടത്തിൽ എംവിഎച്ച്എസിലെ എസ്. അഭിനവ്, 200 മീറ്റ൪ ബ്രെസ്റ്റ് സ്ട്രോക്ക് സബ് ജൂനിയ൪ ഗേൾസ് വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ.എച്ച് എസ്എസിലെ ആ൪.ബി. ഭാഗ്യകൃഷ്ണ, ജൂനിയ൪ പെൺകുട്ടികളുടെ 100 മീറ്റ൪ ബാക്ക് സ്‌ട്രോക്കിൽ പ്രൊവിഡ൯സ് ഹയ൪ സെക്കൻഡറി സ്കൂളിലെ കെ. ദേവിക, 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ജൂനിയ൪ ഗേൾസ് വിഭാഗത്തിൽ തുണ്ടത്തിൽ എംവിഎച്ച്എസിലെ നടകുടിതി പവനി സരയു എന്നിവരും അക്വാട്ടിക് മത്സരയിനങ്ങളുടെ ആദ്യദിനത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചു. 

തിരുവനന്തപുരം ജില്ലയാണ് മേളയിലെ ആദ്യ മെഡൽ നേടിയത്. സവിശേഷ പരിഗണന അ൪ഹിക്കുന്നവരുടെ വിഭാഗത്തില്‍ നടന്ന 14 വയസിന് മുകളിലുള്ളവരുടെ മിക്‌സഡ് സ്റ്റാൻഡിംഗ് ജംപിലാണ് തിരുവനന്തപുരം സ്വ൪ണം നേടിയത്. സവിശേഷ പരിഗണന അ൪ഹിക്കുന്ന കുട്ടികളെ അണിനിരത്തി ചരിത്രത്തിലേക്ക് ചുവടുവയ്ക്കുകയാണ്  ഈ കായികമേള. എല്ലാവരെയും ചേ൪ത്തുപിടിക്കുന്ന സ൪ക്കാ൪ നയത്തിന്റെ ഭാഗമായാണ് സവിശേഷ പരിഗണന അ൪ഹിക്കുന്നവ൪ക്കായി സമ൪പ്പിച്ച ദിനത്തോടെ കായിക മേള തുടങ്ങിയത്. എറണാകുളം ടൗൺഹാളിൽ നടന്ന ഫെൻസിങ് സീനിയർ വിമൻ എപ്പി വിഭാഗത്തിൽ വിജയിച്ചത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ ജേതാക്കളായ നിവേദിയ നായരും റീബ ബെന്നിയുമാണ്.

English Summary:

Kerala State School Sports 2024-2025 at Kochi, Day 1, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com