റെക്കോർഡിന്റെ ജലോത്സവം!; നീന്തലിൽ ഇന്നലെ 7 റെക്കോർഡുകൾ
Mail This Article
കൊച്ചി∙ ഏഴു മീറ്റ് റെക്കോർഡുകൾ പിറന്ന നീന്തൽ മത്സരങ്ങളിലെ സർവാധിപത്യത്തോടെ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജില്ല കുതിപ്പു തുടരുന്നു. 825 പോയിന്റുള്ള തിരുവനന്തപുരത്തിന്റെ നേട്ടം ഇതു വരെ 96 സ്വർണം, 74 വെള്ളി, 83 വെങ്കലം.
41സ്വർണം നേടിയ തൃശൂർ 385 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 349 പോയിന്റുള്ള കണ്ണൂർ മൂന്നും 303 പോയിന്റുമായി പാലക്കാട് നാലും സ്ഥാനങ്ങളിലുണ്ട്. ആതിഥേയരായ എറണാകുളത്തിന് 239 പോയിന്റുണ്ട്.
24 ഇനങ്ങളിൽ മെഡലുകൾ നിശ്ചയിക്കപ്പെട്ട നീന്തൽ മത്സരങ്ങളിൽ 17 സ്വർണവും 12 വെള്ളിയും 17 വെങ്കലവും നേടി തിരുവനന്തപുരം കരുത്തുകാട്ടി. രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 4 സ്വർണം സ്വന്തമാക്കി. അത്‌ലറ്റിക്സ് മത്സരങ്ങൾക്കു മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നാളെ തുടക്കമാകും.
സ്കൂളുകളിൽ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസ് 73 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ. വിഎച്ച്എസ്എസ് (52), കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്എസ്എസ് (43) എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നീന്തലിൽ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസ് 49 പോയിന്റുമായി ഏകാധിപത്യം പുലർത്തി.
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം വിദ്യാർഥികൾക്കുള്ള ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങളായിരുന്നു രണ്ടാംദിനത്തിലെ ആകർഷണം. ഈ മത്സരങ്ങൾ ഇന്നലെ പൂർത്തിയായി.
നീന്തലിൽ ഇന്നലെ പിറന്ന റെക്കോർഡുകൾ
∙ സബ് ജൂനിയർ ഗേൾസ് 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്: ആർ.ബി.ഭാഗ്യകൃഷ്ണ, വെഞ്ഞാറമൂട് ഗവ. എച്ച്എസ്‌എസ് (3 മിനിറ്റ് 12.14 സെക്കൻഡ്)
∙ സബ് ജൂനിയർ ബോയ്സ് 400 മീറ്റർ: എം.തീർഥു സാമവേദ്, തിരുവനന്തപുരം എംവി എച്ച്എസ്എസ് ( 4 മിനിറ്റ് 16.25 സെക്കൻഡ്)
∙ ജൂനിയർ ബോയ്സ് ബട്ടർഫ്ലൈ സ്ട്രോക് 50 മീറ്റർ: ആദിദേവ് പി.പ്രദീപ്, തിരുവനന്തപുരം എംവി എച്ച്എസ്എസ് ( 27.50 സെക്കൻഡ്)
∙ ജൂനിയർ ഗേൾസ് 100 മീറ്റർ ബാക് സ്ട്രോക്: കെ.ദേവിക, കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് എച്ച്എസ്എസ് ( 1 മിനിറ്റ് 15.16 സെക്കൻഡ്)
∙ ജൂനിയർ ഗേൾസ് 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്: എൻ.പാവണി സരയൂ, തിരുവനന്തപുരം എംവി എച്ച്എസ്എസ് (2 മിനിറ്റ് 59.75 സെക്കൻഡ്)
∙ ജൂനിയർ ഗേൾസ് 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്: ആർ.വിദ്യാലക്ഷ്മി, തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസ് ( 31.40 സെക്കൻഡ്)
∙ സീനിയർ ബോയ്സ് 100 മീറ്റർ ബാക് സ്ട്രോക്: എസ്.അഭിനവ്, തിരുവനന്തപുരം എംവി എച്ച്എസ്എസ് ( ഒരു മിനിറ്റ് 2.12 സെക്കൻഡ്)