ജൂഡോ വെറും കയ്യാങ്കളിയല്ല, ഒന്നൊന്നര കളിയാണ്: ജൂഡോയിലൂടെ ‘ജീവിതത്തിൽ ഒന്നിച്ച’ അശ്വിനും അശ്വതിയും പറയുന്നു
Mail This Article
കൊച്ചി∙ കരുത്തും വേഗതയും ഇഴചേർന്ന അതിമനോഹരമായൊരു ആയോധന കല. സംസ്ഥാന സ്കൂള്‍ കായികമേളയിലും കയ്യടി നേടുകയാണ് ജപ്പാനിൽ ഉദ്ഭവിച്ച് ലോകമാകെ പടർന്ന ജൂഡോ. കരാട്ടെയും കുങ്ഫുവും ജനകീയമായ നമ്മുടെ നാട്ടിൽ ജൂഡോയും അതിവേഗം ജനമനസ്സുകൾ കീഴടക്കുന്നതിന്റെ തെളിവാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ്. ശരീരഭാരവും കരുത്തും ഉണ്ടെങ്കിൽ ആരെയും മലർത്തി അടിക്കാമെന്നതല്ല, അതിനൊപ്പം തന്നെ വേഗതയും ആത്മവിശ്വാസവും കൂടി ഏറ്റുമുട്ടുന്ന പോരാട്ടമാണ് ജൂഡോ. ചുരുക്കിപ്പറഞ്ഞാൽ വെറും കയ്യാങ്കളിയല്ല ഇത്, വേറെ ലെവൽ കളിയാണ് സർ...
സ്കൂൾ കായികമേളയിൽ കേരളത്തിന്റെ ചുണക്കുട്ടികളുടെ പോരാട്ടം കാണാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റേഡിയത്തിൽ നേരിട്ടെത്തിയതായിരുന്നു രാജ്യാന്തര താരങ്ങളും ദമ്പതികളുമായ അശ്വിനും അശ്വതിയും. വർഷങ്ങൾക്കു മുൻപൊരു ദേശീയ ക്യാംപിൽ വച്ച് പ്രണയത്തിലായ ഇരുവരും ഇന്ന് ജൂഡോയ്ക്കൊപ്പം ഒരുമിച്ചുനടക്കുകയാണ്. ജൂഡോ വേദിയിലെ തിരക്കുകൾക്കിടെ മനോരമ ഓൺലൈനുമായി സംസാരിച്ച ഇരുവരും ഒരേ സ്വരത്തിൽ ഊന്നിപ്പറഞ്ഞ ഒരു കാര്യം ഇതൊരു കയ്യാങ്കളിയല്ല എന്നതായിരുന്നു. തണ്ടും തടിയും മാത്രം വച്ച് കളിക്കാനിറങ്ങിയാൽ പോരാട്ട ഭൂമിയിൽ അടിപതറി വീഴാനും ഗുരുതരമായ പരുക്കുകൾ പറ്റാനും സാധ്യതയുള്ള ഒരു ആയോധകകല, അതാണു ജൂഡോ.
‘‘പുറമേനിന്ന് നോക്കുന്നവർക്ക് ജൂഡോയുടെ നിയമാവലികൾ പൂർണമായും പിടികിട്ടണമെന്നില്ല. ഞാൻ ചെയ്യുന്നത് കരാട്ടെയാണോ എന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. ജാപ്പനീസ് പോരാട്ടമാണ് ശരിക്കും ജൂഡോ. ജുജുത്സു എന്നൊരു മിക്സഡ് ഗെയിമായിരുന്നു ഇത്. കിക്ക്, പഞ്ച്, ലോക്ക്, ചോക്കിങ് എല്ലാമുള്ള ഇനം. ഈ മത്സരം അതേപടി കളിച്ചാൽ വലിയ അപകടങ്ങൾക്കു സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ലോക്ക്, ചോക്ക്, ത്രോസ് എന്നിവ സ്വീകരിച്ച് കിക്കിങ്, പഞ്ചിങ് എന്നിവ ഒഴിവാക്കി. അങ്ങനെ വന്നപ്പോൾ അപകടങ്ങൾ കുറഞ്ഞു. പക്ഷേ പൂർണമായും മാറിയില്ല. മുട്ടിനും മുതുകിനുമാണു ജൂഡോ താരങ്ങൾക്കു പ്രധാനമായും പരുക്കേൽക്കുന്നത്.
‘‘ജൂഡോയുടെ അടിസ്ഥാന പാഠങ്ങൾ പഠിച്ചെടുക്കാൻതന്നെ മൂന്നു മുതൽ ആറു മാസം വരെ വേണ്ടിവരും. ജൂഡോയിൽ വീഴുന്നതിനും ഒരു രീതിയുണ്ട്. അതാണ് ആദ്യം പഠിക്കേണ്ടത്. ഇവിടെ പല കുട്ടികളും 10 ദിവസത്തെ ഒക്കെ പരിശീലനത്തിനു ശേഷമാണ് വരുന്നത്. ചില ജില്ലകളിൽ പരിശീലനത്തിനുള്ള സൗകര്യങ്ങൾ അധികമുണ്ടാകണമെന്നില്ല. അപ്പോൾ ചില വിഭാഗങ്ങളിൽ അങ്ങനെയുള്ള താരങ്ങൾ സംസ്ഥാന തലം വരെയൊക്കെ എത്താം. വീഴുമ്പോഴൊക്കെ അവർക്കു പ്രശ്നങ്ങളുണ്ടാകാം’’ – അശ്വിൻ വിശദീകരിച്ചു.
‘‘ജൂഡോയിൽ ലെഗ് ടെക്നിക്ക്, ഹിപ്പ് തുടങ്ങി നൂറോളം ടെക്നിക്കുകളുണ്ട്. ശരീര ഭാരവും വേഗതയും ഒരുപോലെ ആവശ്യമായ മത്സരമാണിത്. മിക്സഡ് മാർഷ്യൽ ആർട്സ് ആയതുകൊണ്ടുതന്നെ ഇവിടെ അത്‌ലറ്റിക്സ് വേണം, വേഗതയും കരുത്തും വേണം. എങ്കിലേ ജയിക്കാൻ സാധിക്കൂ. കളിക്കുന്നതിനിടെ നമുക്കെതിരെ ഒരാൾ വസാരി (ഒരു ടെക്നിക്ക്) സ്കോർ ചെയ്തു. ആത്മവിശ്വാസം പോയാൽ അവിടെ തീർന്നു. പല രാജ്യങ്ങളിലും ജൂഡോ സ്വയം പ്രതിരോധത്തിനായി പഠിപ്പിക്കുന്നുണ്ട്’’ – അശ്വിൻ പറഞ്ഞു.
‘‘കടവന്ത്ര സ്റ്റേഡിയത്തിൽ ജൂഡോയ്ക്കൊപ്പം തന്നെ ബാഡ്മിന്റൻ മത്സരങ്ങളും നടത്തുന്നുണ്ട്. ഒരു സെന്ററിൽ ഒരു ഇനം മാത്രം നടത്തുകയാണെങ്കിൽ മത്സരിക്കുന്നവർക്കും കാണുന്നവർക്കും അത് കൂടുതൽ ആസ്വദിക്കാൻ സാധിക്കും. താരങ്ങൾക്ക് ഇരിക്കാൻ ആവശ്യത്തിനു സ്ഥലമില്ല. ഇൻഡോർ സ്റ്റേഡിയത്തിലെ ചൂടുകൂടി താരങ്ങളെ ബാധിക്കുന്നുണ്ട്. ദേശീയ ചാംപ്യൻഷിപ്പുകൾക്കു മാത്രമാണ് ഇവിടെ എസി സൗകര്യം ഉള്ളത്. താരങ്ങൾക്ക് ആ സൗകര്യങ്ങളൊക്കെ കൊടുത്താൽ നന്നാകും’’ - അശ്വിൻ പറഞ്ഞു.
‘‘ജൂഡോയിൽ പോയിന്റ് എടുത്തു തന്നെ ജയിക്കണമെന്നില്ല. എതിരാളിക്കു മൂന്നു (ഷിദോ) പിഴവുകൾ സംഭവിച്ചാൽ നമുക്കു ജയിക്കാം. കൈകൊണ്ട് എതിരാളിയുടെ കൈയ്‌ക്കുള്ളിൽ പിടിക്കുന്നതൊക്കെ ഷിദോ ആയി പരിഗണിക്കും. നമ്മുടെ പിൻഭാഗം മുഴുവൻ മാറ്റിൽ മുട്ടിവീഴുന്നതാണ് ഇപ്പോൺ. ആ ഒറ്റ പോയിന്റിൽ മത്സരം ജയിക്കാനാകും. പകുതി ശരീര ഭാഗം തറയിൽ തട്ടുന്നതിനെ വസാരി എന്നു പറയും. രണ്ടു വസാരി വന്നാൽ ഒരു ഇപ്പോൺ ആകും. എതിരാളിയെ എടുത്ത് മാറ്റിലേക്ക് മലർത്തിയടിക്കുന്നതിനെ സി യോയ് നാഗെ എന്നും പറയും. ഇപ്പോണിനാണ് കൂടുതൽ പോയിന്റ് ലഭിക്കുക. ലെഗ് ടെക്നിക്കുകളിലും പ്രധാനമാണ്.’’ – അശ്വതി വിശദീകരിച്ചു.
ഇടുക്കി സ്വദേശിനിയായ അശ്വതി ഇറിഗേഷൻ വകുപ്പിലാണു ജോലി ചെയ്യുന്നത്. തൃശൂരുകാരനായ അശ്വിൻ പൊലീസ് ഉദ്യോഗസ്ഥനാണ്. രണ്ടു പതിറ്റാണ്ടിലധികമായി ജൂഡോയിലുള്ള അശ്വതി ദേശീയ തലത്തിൽ 30 മെഡലുകൾ സ്വന്തമാക്കി. നാല് രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഇറങ്ങി. സീനിയർ ദേശീയ ചാംപ്യൻഷിപ്പുകൾക്കുള്ള തയാറെടുപ്പുകളിലാണ് അശ്വതി. അശ്വിൻ കേരള പൊലീസ് ജൂഡോ ടീം അംഗമാണ്.