കേരളത്തിലെ പാഠപുസ്തകങ്ങളിൽ നേരത്തേ ഇടംപിടിച്ച ഇൻക്ലൂസീവ് വിദ്യാഭ്യാസം ‘ട്രാക്കിലിറങ്ങി’; ഇത് ഒരുമയുടെ ഒളിംപിക്സ്!
Mail This Article
കൊച്ചി ∙ കുട്ടികൾക്കിടയിൽ പരിമിതികളുടെ വേർതിരിവുകളില്ലാത്ത, ഇൻക്ലൂസീവ് വിദ്യാഭ്യാസം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നേരത്തേ ഇടംപിടിച്ചതാണെങ്കിലും ആദ്യമായി ട്രാക്കിലിറങ്ങിയത് ഇത്തവണയാണ്. എന്നാൽ ഇത് ഭിന്നശേഷിക്കാർക്ക് മാത്രമുള്ള എക്സ്ക്ലൂസീവ് മത്സരവുമല്ല.
ഇവർക്കൊപ്പം ജനറൽ വിഭാഗത്തിലുള്ളവരും തോളോടുതോൾ ചേർന്ന് മത്സരിക്കുമ്പോഴാണ് ‘ഇൻക്ലൂസീവ്’ എന്ന വാക്കിന്റെ അർഥം പൂർണമാകുന്നത്. മിക്സ്ഡ് സ്റ്റാൻഡിങ് ബ്രോഡ് ജംപ്, മിക്സ്ഡ് റിലേ, മിക്സ്ഡ‍് ത്രോബോൾ, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളിലും തെളിഞ്ഞുനിന്നത് ‘ഒരുമയുടെ ഒളിംപിക്സ്’ എന്ന സന്ദേശം.
സ്റ്റാൻഡിങ് ബ്രോഡ് ജംപ്
14 വയസ്സിനു മുകളിലുള്ളവരുടെ മിക്സ്ഡ് സ്റ്റാൻഡിങ് ബ്രോഡ് ജംപിൽ ഒന്നാംസ്ഥാനത്തെത്തിയ തിരുവനന്തപുരം ജില്ല പിന്നിട്ട ദൂരം 13.09 മീറ്റർ! ഒരാളുടെ ഒറ്റയ്ക്കുള്ള പ്രകടനമല്ല ഇത്. ടീമിലെ 6 അംഗങ്ങളുടെയും ഏറ്റവും മികച്ച പ്രകടനങ്ങൾ ഒരുമിച്ചു ചേർത്തുള്ള ദൂരക്കണക്കാണ്.
വ്യത്യസ്ത ശാരീരിക പരിമിതികൾ നേരിടുന്ന 5 പേർക്കൊപ്പം ജനറൽ വിഭാഗത്തിലെ ഒരു കുട്ടിയും ടീമുകളിലുണ്ടായിരുന്നു. 6 പേർ ഒന്നിച്ചു മത്സരിക്കുന്ന ബോൾത്രോ മത്സരയിനത്തിനും ഇതേ നിബന്ധനയാണ്.
മിക്സ്ഡ് റിലേ
4 പേർ അണിനിരക്കുന്ന മിക്സ്ഡ് ടീം റിലേയായിരുന്നു ഇൻക്ലൂസീവ് അത്‌ലറ്റിക്സിലെ ഏറ്റവും ആവേശകരമായ മത്സരയിനം. 4 പേരിൽ ഒരാൾ ജനറൽ വിഭാഗത്തിൽനിന്നാണ്. അതു പെൺകുട്ടിയാകണമെന്നും മൂന്നാം ലാപ്പിലേ മത്സരിക്കാനാകൂവെന്നും വ്യവസ്ഥയുണ്ട്.
4–100 മിക്സ്ഡ് റിലേയിൽ അവസാന ലാപ്പ് ഓടുന്നത് കാഴ്ചപരിമിതിയുള്ളവരാണ്. ഇവരെ സഹായിക്കാൻ കൈകൾ പരസ്പരം ചേർത്തു കൂട്ടിക്കെട്ടി ജനറൽ വിഭാഗത്തിൽ നിന്നുള്ള ഒരാൾ ഒപ്പമോടും; ഗൈഡ് റണ്ണർ എന്നാണ് വിളിപ്പേര്. കാഴ്ചപരിമിതിയുള്ളവരുടെ 100 മീറ്റർ മത്സരങ്ങളിലും ഗൈഡ് റണ്ണറുടെ സഹായമുണ്ട്.
ഇൻക്ലൂസീവ് സ്പോർട്സിലെ അപൂർവതകൾ അത്‌ലറ്റിക്സിൽ മാത്രം ഒതുങ്ങുന്നതല്ല. ഫുട്ബോൾ, ഹാൻഡ്ബോൾ തുടങ്ങിയ മത്സരങ്ങളിൽ ഗോൾകീപ്പർ ജനറൽ വിഭാഗത്തിൽ നിന്നാണ്. ഫുട്ബോൾ ടീമിലെ 7 പേരിൽ കേൾവി പരിമിതിയുള്ളവർക്ക് ഡിഫൻഡറാകാനേ കഴിയൂ എന്നും നിബന്ധനയുണ്ട്.