അച്ഛന്റെ മരണം, അസുഖബാധിതയായി അമ്മ; ജീവിക്കാൻ പെട്രോൾ പമ്പിൽ ജോലി; തിരിച്ചടികളാണ് മിലന്റെ മെഡലിന്റെ ഇന്ധനം!
Mail This Article
കൊച്ചി ∙ പെട്രോൾ പമ്പിൽ ജോലി ചെയ്യുമ്പോൾ വാഹനങ്ങൾക്ക് ഫുൾടാങ്ക് പെട്രോൾ അടിച്ചു കൊടുത്തിട്ടുണ്ട് മിലൻ. ഇന്നലെ ഉയരങ്ങളിലേക്കു ചാടാൻ മിലൻ ഇന്ധനമാക്കിയത് ജീവിതത്തിൽ വരിവരിയായി വന്ന തിരിച്ചടികളെയാണ്! സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ മിലൻ സാബു ഒന്നാമതെത്തിയപ്പോൾ വിജയിച്ചത് ഒരു കുടുംബം ഒന്നാകെയാണ്. 4 മീറ്റർ പിന്നിട്ടാണ് മിലൻ സ്വർണം നേടിയത്.
മിലൻ എൽകെജിയിൽ പഠിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ട് അച്ഛൻ ഏറ്റുമാനൂർ കൊല്ലംപറമ്പിൽ സാബു ജോസഫ് മരിച്ചത്. അമ്മ ഷീജ വീട്ടുജോലിക്കു പോയാണ് മിലനെയും സഹോദരങ്ങളായ മെൽബയെയും മെൽബിനെയും വളർത്തിയത്. തുച്ഛമായ കൂലിത്തുകയിൽ നിന്നും മിച്ചംവച്ച് മക്കൾക്കു കായിക പരിശീലനം ലഭ്യമാക്കി മുൻ പവർലിഫ്റ്റിങ് താരം കൂടിയായിരുന്ന ഷീജ. പക്ഷേ വിധി വീണ്ടും വില്ലനായി. ഷീജ അർബുദബാധിതയായതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. മിലന്റെയും സഹോദരങ്ങളുടെയും പരിശീലനത്തിന് റെഡ് സിഗ്‌നൽ.
പഠന ജീവിത ച്ചെലവുകൾക്കായി മിലൻ ഉടൻ പെട്രോൾ പമ്പിൽ ജോലിക്കു കയറി. അമ്മയുടെ രോഗം മാനസികമായും ശാരീരികമായും തളർത്തിയപ്പോൾ മിലൻ കഴിഞ്ഞ വർഷത്തെ നാഷനൽ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും വീണു പോയി. എന്നാൽ ചികിത്സ പൂർത്തിയാക്കിയ അമ്മ ആവേശം പകർന്നതോടെ മിലൻ വീണ്ടും ഉയരങ്ങളിലേക്കുള്ള കുതിപ്പുതുടങ്ങി. പാലാ ജംപ്സ് അക്കാദമിയിലെ പരിശീലകൻ കെ.പി.സതീഷ്കുമാറാണ് മിലനെ ഫീൽഡിലെത്തിച്ചത്. കോട്ടയം റവന്യൂ ജില്ലാ കായികമേളയിൽ സംസ്ഥാന റെക്കോർഡിനെക്കാൾ മികച്ച പ്രകടനം കുറിച്ചാണ് (4.10 മീറ്റർ) മിലൻ സ്വർണം നേടിയിരുന്നത്.