ADVERTISEMENT

കൊച്ചി ∙ ‘പുകവലി നിങ്ങളെ കൊല്ലു’മെന്ന നിയമപരമായ മുന്നറിയിപ്പ് ശെൽവരാജ് വായിച്ചത് ഇങ്ങനെയായിരുന്നു: പുകവലി നിങ്ങളുടെ മകന്റെ കായിക സ്വപ്നങ്ങളെ കൊല്ലും..! കൂലിപ്പണി ച‌‌െയ്തുകിട്ടുന്ന വരുമാനത്തിൽ നിന്നു പുകവലിക്കാൻ ദിനംപ്രതി ചെലവാകുന്ന 70 രൂപ മാറ്റിവച്ചാൽ മകൻ ജഗന്നാഥനു സ്പൈക്സ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങാമെന്നും കായികപരിശീലനം മുടങ്ങാതെ നടത്താമെന്നും മനസ്സിലാക്കിയതോടെ ശെൽവരാജ് ആ തീരുമാനമെടുത്തു: 34 വർഷം കൊണ്ടുനടന്ന പുകവലി ഉപേക്ഷിച്ചു! 

സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് മുണ്ടൂർ എച്ച്എസ്എസിലെ എസ്.ജഗന്നാഥൻ ഒന്നാമതു ഫിനിഷ് ചെയ്യുമ്പോൾ അച്ഛൻ ശെൽവരാജ് സന്തോഷംകൊണ്ടു കണ്ണു നിറഞ്ഞ് പറഞ്ഞു: ഇതിലും വലിയ ലഹരി എന്തുണ്ട്? 

7–ാം ക്ലാസിൽ പഠിക്കുമ്പോഴാണു ജഗന്നാഥനെ പാലക്കാട് മുട്ടിക്കുളങ്ങര സ്വദേശിയായ ശെൽവരാജ് പരിശീലനത്തിന് അയച്ചു തുടങ്ങിയത്. പിന്നാലെ കൊച്ചുവീട്ടിലേക്ക് ട്രോഫികൾ എത്തിത്തുടങ്ങി. കഴിഞ്ഞ സംസ്ഥാന മേളയിൽ സീനിയർ വിഭാഗത്തിൽ മത്സരിച്ചെങ്കിലും മെഡൽ ലഭിച്ചില്ല. ഈ വർഷം പരിശീലനത്തിനും പോഷകാഹാരത്തിനും കൂടുതൽ പണം കണ്ടെത്താനും ശെൽവരാജിനായി. 

ഇന്നലെ പുലർച്ചെ കൊച്ചിയിലെത്തിയ ശെൽവരാജ് മത്സരം കഴിഞ്ഞപ്പോൾത്തന്നെ മടങ്ങി. ഒരു ദിവസത്തെ കൂലി കൂടി ഇല്ലാതായാൽ  ജഗന്നാഥന്റെ പരിശീലനത്തെ വരെ ബാധിക്കുമെന്നാണ് ശെൽവരാജിന്റെ ആശങ്ക. 

English Summary:

S Jagannathan finished first in the boys' 3000m race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com