ADVERTISEMENT

മുംബൈ∙ സഞ്ജു സാംസണിന്റെ കഴിവിലോ പ്രതിഭയിലോ സംശയമില്ലെങ്കിലും, സ്ഥിരതയാണ് ആശങ്ക നൽകുമെന്ന കാര്യമെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ അനിൽ കുംബ്ലെ. ദക്ഷിണാഫ്രിക്കയിലെ പ്രത്യേക സാഹചര്യങ്ങളിൽ പരമ്പരയിലെ നാലു മത്സരങ്ങളിൽ സഞ്ജുവിന്റെ പ്രകടനം എപ്രകാരമായിരിക്കുമെന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് കുംബ്ലെ പ്രതികരിച്ചു. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡർബനിലെ കിങ്സ്മീഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് കുംബ്ലെയുടെ പ്രതികരണം.

‘‘സഞ്ജുവിന് ടീമിൽ സ്ഥിരാംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ദീർഘനാളായി വലിയ ചർച്ചകളാണ് നടക്കുന്നത്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ നേടിയ സെഞ്ചറി സഞ്ജുവിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടാകുമെന്ന് തീർച്ച. സഞ്ജുവിന്റെ കഴിവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രതിഭയെക്കുറിച്ചും നമുക്കു സംശയമൊന്നുമില്ല. സഞ്ജു ഒരു ക്ലാസ് താരം തന്നെയാണ്’ – കുംബ്ലെ പറഞ്ഞു.

‘‘സ്ഥിരതയാണ് സഞ്ജുവിന്റെ കാര്യത്തിൽ കുറച്ചെങ്കിലും ആശങ്കയുയർത്തുന്ന കാര്യം. ഇക്കാര്യത്തിൽ ഇന്ത്യൻ സിലക്ടർമാരും ശ്രദ്ധാലുക്കളാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. സഞ്ജുവിന് ടോപ് ഓർഡറിൽ, അതായത് ഒന്നോ രണ്ടോ മൂന്നോ സ്ഥാനത്ത് ബാറ്റിങ്ങിന് അവസരം നൽകിയാൽ താരത്തിന് ടീമിനായി കാര്യമായി എന്തെങ്കിലും ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നു.

‘‘ബാക്ക്ഫൂട്ടിൽ സഞ്ജു വളരെ കരുത്തനാണ്. പേസ് ബോളർമാർക്കെതിരെ സമയമെടുത്ത് ഷോട്ട് കളിക്കാനുള്ള മികവും ശ്രദ്ധേയമാണ്. സ്പിന്നർമാരെ സഞ്ജു കൈകാര്യം ചെയ്യുന്ന രീതി പറയാനുമില്ല. ദക്ഷിണാഫ്രിക്കയിലെ സവിശേഷ സാഹചര്യത്തിൽ ഈ പരമ്പരയിലെ നാലു മത്സരങ്ങളിൽ സഞ്ജു എങ്ങനെ കളിക്കുമെന്ന് കാണാൻ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു’ – കുംബ്ലെ പറഞ്ഞു.

ഇന്ന് ഡർബനിലെ കിങ്സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. രണ്ടാം ട്വന്റി20 നവംബർ പത്തിന് പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിലും, മൂന്നാം ട്വന്റി20 നവംബർ 13ന് സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിലും നടക്കും. നവംബർ 15ന് വാണ്ടറേഴ്സ് സ്റ്റേഡിത്തിലാണ് പരമ്പരയിലെ അവസാന മത്സരം.

English Summary:

Anil Kumble raises concerns over Sanju Samson’s consistency ahead of South Africa T20I series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com