പോൾവോൾട്ടിൽ ദേശീയ റെക്കോർഡ് മറികടന്ന് ശിവദേവ് രാജീവ്, ഒടുവിൽ മത്സരം ഒറ്റയ്ക്ക്; ഹൈ പോൾട്ടേജ് !
Mail This Article
കൊച്ചി ∙ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിന്റെ ആദ്യദിനത്തിലെ ആവേശം മുഴുവൻ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ‘ആകാശത്തായിരുന്നു’. സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ ശിവദേവ് രാജീവ് പറന്നുയർന്നപ്പോൾ നിലംപൊത്തിയത് 12 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ്. മറികടക്കുന്നത് ദേശീയ സ്കൂൾ മീറ്റ് റെക്കോർഡ്. പോൾവോൾട്ടിലെ ശിവദേവിന്റെ ഉശിരൻ പ്രകടനം നിറംപകർന്ന ഒന്നാംദിനത്തോടെ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിന് ഗംഭീര തുടക്കം.
ആദ്യദിനം പിറന്നത് 3 മീറ്റ് റെക്കോർഡുകൾ. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ മുഹമ്മദ് അഷ്ഫാഖ് (ജിവി രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം), 3000 മീറ്ററിൽ എം.പി.മുഹമ്മദ് അമീൻ (കെകെഎം എച്ച്എസ്എസ് ചീക്കോട്, മലപ്പുറം) എന്നിവരാണ് മറ്റു റെക്കോർഡ് ജേതാക്കൾ.
15 ഫൈനലുകൾ നടന്ന ആദ്യദിനത്തിൽ 4 സ്വർണമടക്കം 30 പോയിന്റുമായി മലപ്പുറമാണ് മുന്നിൽ. 4 സ്വർണമടക്കം 29 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. എറണാകുളം (19 പോയിന്റ്) മൂന്നാം സ്ഥാനത്ത്. സ്കൂളുകളിൽ 19 പോയിന്റുമായി കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് ലീഡ് നേടിയപ്പോൾ പാലക്കാട് മുണ്ടൂർ എച്ച്എസ് (13 പോയിന്റ്), മലപ്പുറം കടകശ്ശേരി ഇഎച്ച്എസ്എസ് (11) എന്നിവരാണ് 2,3 സ്ഥാനങ്ങളിൽ.
∙ ശിവദേവിന്റെ ആകാശം
ആത്മവിശ്വാസം അളവുകോലായ ആകാശ പോരാട്ടമായിരുന്നു സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ട് മത്സരം. 31 പേർ അണിനിരന്ന മത്സരത്തിന്റെ അവസാന ഭാഗം വെറും 2 പേരിലേക്ക് ചുരുങ്ങി. മാർ ബേസിൽ സ്കൂളിൽ ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരേ ഹോസ്റ്റൽ മുറിയിൽ കഴിയുന്ന ശിവദേവ് രാജീവും ഇ.കെ.മാധവും തമ്മിൽ. 4.40 മീറ്ററിനപ്പുറം ഉയരം താണ്ടാനാവാതെ ഉറ്റകൂട്ടുകാരൻ പിൻവാങ്ങിയതോടെ പോരാട്ടക്കളത്തിൽ കോലഞ്ചേരി മഴുവന്നൂർ സ്വദേശിയായ ശിവദേവ് മാത്രം.
അടുത്ത ഊഴത്തിൽ മീറ്റ് റെക്കോർഡ് സ്വന്തം പേരിലാക്കിയ (4.55 മീറ്റർ) ശിവദേവ് മറികടന്നത് 2012ൽ കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ വിഷ്ണു ഉണ്ണി സ്ഥാപിച്ച (4.50 മീറ്റർ) റെക്കോർഡ്. ആർത്തുവിളിച്ച ഗാലറിയുടെ ആവേശത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് പോരാട്ടം തുടർന്ന താരം 4.62 മീറ്റർ, 4.70 മീറ്റർ എന്നിങ്ങനെ റെക്കോർഡ് പുതുക്കിക്കൊണ്ടിരുന്നു. ഇതിനിടെ സീനിയർ ആൺകുട്ടികളുടെ ദേശീയ സ്കൂൾ മീറ്റ് റെക്കോർഡായ 4.61 മീറ്ററിനെയും മറികടന്നു.
ഒടുവിൽ 4.80 മീറ്ററെന്ന വിസ്മയ ഉയരം കുറിച്ച് മത്സരം അവസാനിപ്പിച്ചപ്പോൾ പോൾവോൾട്ടിലെ സംസ്ഥാന സ്കൂൾ മീറ്റ് റെക്കോർഡിലുണ്ടായത് 30 സെന്റിമീറ്ററിന്റെ വളർച്ച. സംസ്ഥാന മീറ്റ് മത്സരമായതിനാൽ ശിവദേവിന്റെ ഇന്നലത്തെ പ്രകടനം ദേശീയ സ്കൂൾ മീറ്റ് റെക്കോർഡായി പരിഗണിക്കില്ല.
സംസ്ഥാന സ്കൂൾ മീറ്റിൽ 2 റെക്കോർഡുകൾ സ്ഥാപിക്കുകയെന്ന തന്റെ വലിയ സ്വപ്നം സഫലമാക്കിയാണ് പ്ലസ്ടു വിദ്യാർഥിയായ ശിവദേവ് ഇന്നലെ ജംപിങ് പിറ്റിൽ നിന്ന് മടങ്ങിയത്. 2022ൽ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ ശിവദേവ് സ്ഥാപിച്ച മീറ്റ് റെക്കോർഡിന് ഇപ്പോഴും ഇളക്കമില്ല. അതിനു പുറമേയാണ് ഇന്നലെ സീനിയറിലെ റെക്കോർഡ് നേട്ടം.
കഴിഞ്ഞവർഷം കുന്നംകുളത്തുനടന്ന സംസ്ഥാന മീറ്റിൽ വെള്ളിയുമായി മടങ്ങേണ്ടിവന്ന താരത്തിന് (4.20 മീറ്റർ) ഒരു വർഷത്തിനിടെയുണ്ടായത് 60 സെന്റിമീറ്റർ വർധന. കോതമംഗലം മാർ ബേസിലിലെ ഇ.കെ.മാധവ് (4.40 മീറ്റർ) ഇന്നലെ വെള്ളി നേടിയപ്പോൾ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ അഞ്ചൽ ദീപിനാണ് (4.20 മീറ്റർ) വെങ്കലം.
അമ്മയൊരുക്കിയ സർപ്രൈസ്
സംസ്ഥാന സ്കൂൾ മീറ്റിനായി പുറപ്പെടും മുൻപ് അമ്മ ബീനയോട് മത്സരവേദിയിലേക്ക് വരരുതെന്നു ശിവദേവ് അഭ്യർഥിച്ചിരുന്നു. അമ്മ വന്നാൽ ടെൻഷനാകും. പക്ഷേ, ബീനയ്ക്കു വരാതിരിക്കാനായില്ല. പോൾവോൾട്ട് മത്സരം പുരോഗമിക്കുമ്പോൾ മകന്റെ കണ്ണിൽപെടാതെ മൈതാനത്തിന്റെ ഒരുഭാഗത്ത് മറഞ്ഞുനിൽക്കുകയായിരുന്നു ബീന. ശിവദേവ് സംസ്ഥാന സ്കൂൾ മീറ്റ് റെക്കോർഡ് പിന്നിട്ടതോടെ പോൾവോൾട്ട് പിറ്റിന് അരികിലേക്ക് ഓടിയെത്തി. മകനു നേരെ കൈ വീശി. അമ്മയെ കണ്ട് അമ്പരന്ന ശിവദേവ് അതിനുശേഷം 2 മികച്ച ജംപുകൾ കൂടി നടത്തിയാണ് മത്സരം അവസാനിപ്പിച്ചത്.