ADVERTISEMENT

കൊച്ചി∙ സംസ്ഥാന സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ട് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കാർത്തിക്ക് കൃഷ്ണയ്ക്കു കരുത്തായത് സഹോദരൻ ഹൃത്വിക് കൃഷ്ണ പകർന്നു നല്‍കിയ ബാലപാഠങ്ങൾ. തിരുവനന്തപുരം വിതുര സ്വദേശികളാണ് കാർത്തിക്കും ഹൃത്വിക്കും. സ്കൂൾ സമയം കഴിഞ്ഞാൽ വീട്ടിൽവച്ചും ഷോട്ട്പുട്ട് എറിഞ്ഞ് പരിശീലിച്ചാണ് സംസ്ഥാന തലം വരെ എത്തിയത്. സ്കൂളിൽ കായിക അധ്യാപകനുണ്ടെങ്കിൽ,‍ വീട്ടിൽ സഹോദരൻ ഹൃത്വിക്കാണ് കാർത്തിക്കിന്റെ പരിശീലകൻ. കഠിനാധ്വാനത്തിനൊടുവിൽ ആറാം ശ്രമത്തിൽ 14.17 മീറ്റർ ദൂരമെറിഞ്ഞാണ് കാർത്തിക്ക് സുവർണ ദൂരത്തിലേക്ക് എത്തിയത്. ആദ്യ ശ്രമം മുതല്‍ 13 മീറ്ററിനു മുകളിൽ‍ ദൂരം കണ്ടെത്തി ലീഡ് നിലനിർത്താനും കാർ‍ത്തിക്കിനു സാധിച്ചു.

സ്വർണ നേട്ടത്തില്‍ സന്തോഷമുണ്ടെന്നു കാർത്തിക്ക് പറഞ്ഞു. ‘‘റെക്കോർഡ് ദൂരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കായികമേളയ്ക്കെത്തിയത്. എങ്കിലും സ്വർണനേട്ടത്തിൽ സന്തോഷമുണ്ട്. പരിശീലനത്തിന്റെ സമയത്ത് 15 മീറ്റർ ദൂരം കടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന മേളയിൽ വിജയിച്ച കുട്ടി ഒപ്പം പോരാടാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിൽ നല്ല മത്സരമായിരുന്നു.’’– കാർത്തിക്ക് പറഞ്ഞു.

ജൂനിയർ ഷോട്ട്പുട്ടിൽ രണ്ടാമതെത്തിയ പാലക്കാട് ബിഇഎംഎസ്എസിലെ ലയൻ രാജ് 12.61 മീറ്റർ ദൂരമാണു പിന്നിട്ടത്. മൂന്നാം സ്ഥാനത്ത് എറണാകുളം മൂക്കന്നൂർ സേക്രട്ട് ഹാർട്ട് ഓർഫനേജ് എച്ച്എസിലെ ജീവൻ ഷാജു എറിഞ്ഞത് 12.52  മീറ്ററാണ്. കഴിഞ്ഞ നാലു സംസ്ഥാന മേളകളിൽ വിവിധ വിഭാഗങ്ങളിലായി ഷോട്ട്പുട്ടിൽ മത്സരിച്ചിട്ടുള്ള താരമാണ് കാർത്തിക്ക് കൃഷ്ണ. മുൻപ് മുന്നിലെത്താൻ സാധിച്ചിരുന്നില്ലെങ്കിലും അന്നത്തെ അനുഭവങ്ങള്‍ ഇന്ന് സുവർണനേട്ടത്തിൽ താരത്തിനു കരുത്തായി. അമച്വർ മത്സരങ്ങളിലും കാർത്തിക്ക് പോരാടിയിട്ടുണ്ട്.

സഹോദരൻ ഹൃത്വിക് സീനിയർ ഷോട്ട്പുട്ടിൽ മത്സരിച്ചിരുന്നെങ്കിലും ആറാം സ്ഥാനത്തായി. ഹൃത്വിക്കിന് ആറു മാസം മുൻപു സംഭവിച്ച വാഹനാപകടത്തിൽ കൈയ്ക്കു പരുക്കേറ്റിരുന്നു. അതിനു ശേഷം തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും പൂർണമായും പഴയ ഫോമിലെത്താൻ സാധിച്ചിട്ടില്ലെന്ന് ഹൃത്വിക് മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. 

ഷോട്ട്പുട്ടിനു പുറമേ ഇവിടെ ഹാമർ ത്രോ, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലും കാർത്തിക്ക് മത്സരിച്ചിരുന്നു. ഡിസ്കസ് ത്രോ ഫൈനൽ യോഗ്യതയ്ക്കായുള്ള പോരാട്ടത്തിനിടെ കൈയ്ക്കു പരുക്കേറ്റ കാർത്തിക്കിനെ, വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരിട്ടെത്തിയാണ് ആശ്വസിപ്പിച്ചത്. തിരുവനന്തപുരം വിതുരയില്‍ പൊലീസ് ഉദ്യോഗസ്ഥനായ കെ.എസ്. അനീഷ്, എം.ആർ. അശ്വതി ദമ്പതികളുടെ മക്കളാണ് കാർത്തിക്കും ഹൃത്വിക്കും. വിതുര വിഎച്ച്എസിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ കാർത്തിക്ക്, സ്കൂളിലെ അധ്യാപകനായ ബി. സത്യനു കീഴിലാണ് വർഷങ്ങളായി ഷോട്ട്പുട്ട് പരിശീലിക്കുന്നത്.

English Summary:

Brotherly Love Fuels Gold Medal Win at State School Athletics Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com