കരാട്ടെ മത്സരത്തിൽ കൗതുകമായി ‘ജപ്പാൻ മലയാളി’; 10 മക്കളുള്ള ഒരു കരാട്ടെ കുടുംബത്തിന്റെ കഥ!
Mail This Article
കൊച്ചി∙ യമാതോ; സ്കൂൾ ഗെയിംസിൽ സീനിയർ ആൺകുട്ടികളുടെ അണ്ടർ 54 കിലോഗ്രാം വിഭാഗം കരാട്ടെ ചാംപ്യന്റെ പേരിലെ കൗതുകത്തിനു പിന്നാലെ പോയാൽ എത്തിച്ചേരുന്നത് അങ്ങ് ജപ്പാനിലാണ് ! അതിനൊപ്പം ചേർക്കാൻ 10 മക്കളുള്ള ഒരു കരാട്ടെ കുടുംബത്തിന്റെ കഥകൂടിയുണ്ട്.
കരാട്ടെ പരിശീലകനും 2002 മുതൽ 2018 വരെ സംസ്ഥാന കരാട്ടെ ടീമിന്റെ കോച്ചുമായിരുന്ന ഉഴവൂർ സ്വദേശി സുദീപ് ടി.സിറിയക്കിന്റെയും കരാട്ടെക്കാരിയായ ഭാര്യ അസം സ്വദേശി മോനുവിന്റെയും മകനാണ് കുര്യനാട് സെന്റ് ആൻസ് എച്ച്എസ്എസിലെ 9–ാം ക്ലാസ് വിദ്യാർഥിയായ യമാതോ.
യമാതോയെന്നാൽ കരാട്ടെയുടെ ഈറ്റില്ലമായ ജപ്പാന്റെ ആദ്യ പേരാണ്. ആന്തരികമായി സമ്പന്നമായത് അർഥം. ജപ്പാനിൽ നിന്ന് കരാട്ടെയിൽ വിദഗ്ധ പരിശീലനം നേടിയിട്ടുള്ള സുദീപിന്റെ ഗുരുവായ സടാഷി ഇഷികാവയാണ് മകന് ഈ പേരിട്ടത്. യമാതോയുടെ ഇളയ സഹോദരങ്ങളും ജാപ്പനീസ് പേരുകാരാണ്. 6–ാം ക്ലാസുകാരിയായ ഹനാക്കോ, 2–ാം ക്ലാസുകാരൻ റിയു, ഒരു വയസ്സുള്ള റെൻ. ഈ പേരുകളും ഇട്ടതു ഗുരു തന്നെ. ഇവരെക്കൂടാതെ എടുത്തു വളർത്തിയ 6 മക്കൾ കൂടിയുണ്ട്.
കരാട്ടെയിലൂടെ പരിചയപ്പെട്ട് ജീവിതസഖിയാക്കിയ മോനുവിന്റെ ബന്ധത്തിലുള്ളവരാണ് 6 പേരും. അസമിലെ മോശം സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് അവരെ പലപ്പോഴായി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന് വളർത്തുകയായിരുന്നു. ദിഗന്ത കൻവർ(ഖത്തർ), വിശ്വജിത്ത് ലക്കോൺ(അമേരിക്ക), ഭാസ്ക്കർ സോനോവാൾ(അസം), പങ്കജ് ഗോഗോയ്, ശന്തനു ഫുക്കൺ(ഗോവ), ദീപാങ്കർ കൻവർ (കോട്ടയം ബസേലിയസ് കോളജ് വിദ്യാർഥി) എന്നിവരാണ് ഈ മക്കൾ.
എല്ലാവരും കരാട്ടെ പഠിച്ചവർ. വിശ്വജിത്ത് ഒഴികെയുള്ളവരെല്ലാം പലപ്പോഴായി സംസ്ഥാന ടീമിലും അംഗമായിരുന്നു. യമാതോയും 2 കരാട്ടെ ചാംപ്യൻഷിപ്പുകൾക്കായി ജപ്പാൻ സന്ദർശിച്ചിട്ടുണ്ട്. മൂന്നാർ കല്ലാറിലാണ് ഇവരുടെ കരാട്ടെ പരിശീലന കേന്ദ്രവും വീടും. വീട്ടുപേരിനുമുണ്ട് ജാപ്പനീസ് ടച്ച്; ‘ഷോട്ടോ ജുക്കു ടെംപിൾ’. കരാട്ടെ സ്റ്റൈലിന്റെ പേരാണ് ‘ഷോട്ടോ’.