സീനിയർ പെൺകുട്ടികളുടെ തയ്ക്വാൻഡോയിൽ 20 സെക്കൻഡിൽ സ്വർണം; ‘അതിവേഗം’ ശ്രീനന്ദന!
Mail This Article
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ തയ്ക്വാൻഡോ (അണ്ടർ 52 കിലോ) മത്സരം അവസാനിച്ചത് 20 സെക്കൻഡിൽ! സ്വർണം നേടിയ തിരുവനന്തപുരം പിരപ്പൻകോട് സ്പോർട്സ് ഹോസ്റ്റലിലെ ശ്രീനന്ദനയ്ക്ക് എതിരാളിയായ ശിവതീർഥയെ (കാസർകോട്) കീഴടക്കാൻ അത്ര സമയമേ വേണ്ടി വന്നുള്ളൂ.
എതിരാളിയുടെ തലയിലേക്കു കാലുയർത്തിയുള്ള കിക്കിന് 3 പോയിന്റാണ് ലഭിക്കുക. മത്സരം തുടങ്ങി എതിരാളി നിലയുറപ്പിക്കും മുൻപേ ഇത്തരം നാലു കിക്കുകൾ കൊണ്ട് ശ്രീനന്ദ 12 പോയിന്റ് അതിവേഗം സ്വന്തമാക്കി. നിയമമനുസരിച്ച് എതിരാളിയുമായി 12 പോയിന്റ് വ്യത്യാസം വന്നാൽ വിജയിയായി പ്രഖ്യാപിക്കും. ഇതനുസരിച്ചാണ് ഫൈനൽ ആരംഭിച്ച് 20 സെക്കൻഡിനകം മത്സരം അവസാനിച്ചത്.
തുടർച്ചയായി രണ്ടാം തവണയാണ് ഈ ഇനത്തിൽ ശ്രീനന്ദന സ്കൂൾ കായിക മേളയിൽ സ്വർണം നേടുന്നത്. കഴിഞ്ഞ ദേശീയ സ്കൂൾ ഗെയിംസിൽ വെങ്കലവും നേടിയിരുന്നു. കാസർകോട് കണ്ണംകോട്ട് സ്വദേശിയായ ശ്രീനന്ദ കന്യാകുളങ്ങര ജിജി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്.