പരുക്ക് തൽക്കാലം മാറിനിൽക്കട്ടെ, ഹൈജംപിൽ തീപ്പൊരി പോരാട്ടം ജയിച്ചുകയറി; കോട്ടയത്തിന്റെ ജുവലിനുണ്ട് വലിയ സ്വപ്നങ്ങൾ
Mail This Article
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ ശനിയാഴ്ച രാവിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് ആൺകുട്ടികളുടെ സീനിയർ വിഭാഗം ഹൈജംപിലായിരുന്നു. കോട്ടയം ജിവിഎച്ച്എസ്എസ് മുരിക്കുംവയലിലെ ജുവൽ തോമസിനാണ് ഒന്നാം സ്ഥാനം. രണ്ടു മീറ്റർ ഉയരം കീഴടക്കിയായിരുന്നു ജുവലിന്റെ സുവർണനേട്ടം. രണ്ടാമതെത്തിയ മലപ്പുറം ഐഡിയൽ കടകശേരിയിലെ അനിരുദ്ധ് സതീഷ് 1.98 മീറ്റർ ഉയരം പിന്നിട്ടു. മലപ്പുറത്തിന്റെ തന്നെ മേലാറ്റൂർ ആര്‍എംഎച്ച്എസിലെ ആദിൽ ജസീമാണ് ഹൈജംപിൽ മൂന്നാമതെത്തിയത്. 1.91 മീറ്ററാണ് ആദിൽ ചാടിയത്.
കോട്ടയം സ്വദേശിയായ ജുവല്‍ തോമസ് സാഫ് ഗെയിംസില്‍ ജൂനിയർ വിഭാഗം ഹൈജംപിലെ വെങ്കല മെഡൽ ജേതാവാണ്. 2.4 മീറ്റര്‍ ഉയരമാണ് ജുവൽ അന്നു പിന്നിട്ടത്. ഖേലോ ഇന്ത്യയിൽ താരം വെങ്കലം നേടിയിരുന്നു. പരുക്കിന്റെ ഭീഷണി നിലനിൽക്കെയാണ് ജുവൽ സംസ്ഥാന മേളയിൽ പോരാടി ഒന്നാമതെത്തിയത്. കായിക കുടുംബത്തിൽനിന്നാണ് ജുവലിന്റെ വരവ്. പിതാവ് സി.ജെ. തോമസ് 1993ലെ സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ടിൽ റെക്കോർഡ് പ്രകടനം നടത്തിയിട്ടുണ്ട്. ഡിസ്കസ് ത്രോയിൽ സ്വർണവും നേടി. വോളിബോൾ താരം കൂടിയായ പിതാവ് സി.ജെ. തോമസ് എരുമേലി പൊലീസ് ക്യാംപിലെ സിഐയാണ്. മാതാവ് ജിത തോമസ് പീരുമേട് സിപിഎൻ സ്കൂളിലെ അധ്യാപികയാണ്. മുണ്ടക്കയം ചിറ്റടി സ്വദേശികളാണ് തോമസും ജിതയും.
‘‘പരുക്കുണ്ടായതുകൊണ്ടു തന്നെ ഇത്രയും ഉയരം ചാടാൻ സാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒന്നാം സ്ഥാനത്തേക്കുവന്നതിൽ സന്തോഷമുണ്ട്. പരുക്കുംവച്ച് മികച്ച പ്രകടനം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്.’’– ജുവൽ പ്രതികരിച്ചു. മുരിക്കുംവയൽ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണു ജുവൽ. ഹൈജംപ് ഫൈനലില്‍ 1.80 മീറ്റർ ചാടിയാണ് ജുവല്‍ തുടങ്ങിയത്. പിന്നീട് 1.85, 1.88, 1.91, 1.96, 1.98 ഉയരങ്ങളും പിന്നിട്ട ശേഷമാണു രണ്ടു മീറ്ററെന്ന ഉയരത്തിലെത്തിയത്. സ്വർണ മെഡൽ ഉറപ്പിച്ചതിനു ശേഷം റെക്കോർഡിനായി ശ്രമിക്കണമെന്നു താൽപര്യമുണ്ടായിരുന്നെങ്കിലും പരുക്കുള്ളതിനാൽ ജുവൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
2.11 മീറ്ററാണു ജുവലിന്റെ കരിയർ ബെസ്റ്റ്. കഴിഞ്ഞ വർഷം റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിലായിരുന്നു പ്രകടനം. ജൂനിയര്‍ തലത്തിൽ ദേശീയ റെക്കോർഡിട്ടാണ് ജുവൽ റാഞ്ചിയിൽനിന്നു മടങ്ങിയത്. സംസ്ഥാന മേളയിലെ സ്വർണ നേട്ടത്തിനു ശേഷം ദേശീയ ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാനുള്ള ഒരുക്കം തുടങ്ങിയതായും ജുവൽ പ്രതികരിച്ചു.