സംസ്ഥാന സ്കൂൾ മീറ്റിൽ 1776 പോയിന്റുമായി തിരുവനന്തപുരത്തിന് മികച്ച ലീഡ്; ഒന്നാം സ്ഥാനത്ത് ‘തല’സ്ഥാനം
Mail This Article
കൊച്ചി∙ വേഗറാണിയെയും വേഗരാജാവിനെയും നിശ്ചയിച്ച് അത്‌ലറ്റിക് ട്രാക്കിൽ ആവേശക്കുതിപ്പു കണ്ട സംസ്ഥാന സ്കൂൾ മീറ്റിൽ പോയിന്റ്നിലയിലെ ബഹുദൂര ലീഡ് നിലനിർത്തി തിരുവനന്തപുരം. നീന്തൽ അടക്കമുള്ള ഇനങ്ങളിലെ കുത്തകയുടെ ബലത്തിൽ തലസ്ഥാന ജില്ല 1776 പോയിന്റോടെയാണ് ഓവറോൾ കിരീടത്തിലേക്കുള്ള കുതിപ്പു തുടരുന്നത്.
തൃശൂർ (708), കണ്ണൂർ (618) ജില്ലകളാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്നലെ സമാപിച്ച നീന്തലിൽനിന്നു മാത്രം തിരുവനന്തപുരത്തിന് 654 പോയിന്റ് ലഭിച്ചു. നീന്തലിൽ എറണാകുളവും (162), കോട്ടയവുമാണു (90) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അത്‌ലറ്റിക്സിൽ മലപ്പുറം ജില്ലയാണു മുന്നിൽ. പാലക്കാട്, എറണാകുളം ജില്ലകൾ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. അത്‌ലറ്റിക്സിൽ ഇന്നലെ ഒരു മീറ്റ് റെക്കോർഡ് പിറന്നു. സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ എറണാകുളം കോതമംഗലം മാർ ബേസിൽ സ്കൂളിലെ ജീന ബേസിലാണ് ഇന്നലെ പുതിയ മീറ്റ് റെക്കോർഡ് (3.43 മീറ്റർ) കുറിച്ചത്. ഒട്ടാകെ 35 പുതിയ മീറ്റ് റെക്കോർഡുകൾ പിറന്ന നീന്തൽ ഇനങ്ങളിൽ ഇന്നലെ മാത്രം സൃഷ്ടിക്കപ്പെട്ടത് 9 പുതിയ മീറ്റ് റെക്കോർഡുകളാണ്.