ADVERTISEMENT

മുൻ ലോക ചെസ് ചാംപ്യൻ വ്ലാഡിമിർ ക്രാംനിക് ഒരിക്കൽ പറഞ്ഞു: ‘‘വിജയം കഴിഞ്ഞാൽ ഏറ്റവും മികച്ച കളിഫലം സമനിലയാണ്, ചെസ് സമനിലകളുടെ കളിയാണ്’’. ഈ ‘ചെസ് സിദ്ധാന്തം’ ആവിഷ്ക്കരിക്കാൻ ക്രാംനിക്കിനു മുന്നിൽ ഏറെ കാരണങ്ങളുണ്ടായിരുന്നു. ലോക ചെസ് ചാംപ്യൻഷിപ്പിലെ സമനിലകളുടെ കണക്കെടുക്കുമ്പോൾ പ്രത്യേകിച്ചും. 

മോസ്കോയിൽ നടന്ന 1984ലെ കാർപോവ്–കാസ്പറോവ് ലോക ചാംപ്യൻഷിപ് ഉപേക്ഷിക്കുകയും അടുത്തവർഷം പുതിയ ഫോർമാറ്റിൽ ചാംപ്യൻഷിപ് നടത്തുകയും ചെയ്യാനുണ്ടായ കാരണങ്ങളിലൊന്നും ചെസിലെ ഈ സമനിലക്കളിയായിരുന്നു. ഏതെങ്കിലും ഒരു കളിക്കാരൻ 6 വിജയങ്ങൾ നേടുന്നതുവരെയായിരുന്നു അന്നത്തെ ചാംപ്യൻഷിപ്. എന്നാൽ, 40 കളികൾ സമനിലയാവുകയും 5 മാസത്തിനും 48 കളികൾക്കും ശേഷവും വിജയിയെ കണ്ടെത്താതിരിക്കുകയും ചെയ്തതോടെ ചാംപ്യൻഷിപ് ഉപേക്ഷിച്ചു.

അതിനൊരു മറു മരുന്നുമായാണ് ഇത്തവണ സിംഗപ്പുരിൽ ലോക ചാംപ്യൻഷിപ് നടക്കുന്നത്. കൂടുതൽ വേഗം, കൂടുതൽ വിജയം എന്നതാണ് ഇത്തവണത്തെ ലക്ഷ്യം. ഫോർമാറ്റിലുള്ള ഈ മാറ്റം സമ്മാനത്തുകയിലുമുണ്ട്. കളിക്കാരുടെ വിജയദാഹം കൂട്ടുക എന്നതുതന്നെ ലക്ഷ്യം. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 25 ലക്ഷം ഡോളറാണ് ആകെ സമ്മാനത്തുക. വിജയിക്കു സമ്മാനത്തുകയുടെ 60 ശതമാനവും റണ്ണറപ്പിന് 40 ശതമാനവുമായിരുന്നു മുൻ രീതി. എന്നാൽ, ഇത്തവണ അങ്ങനെയല്ല. ഓരോ വിജയത്തിനും 2 ലക്ഷം ഡോളർ വീതം ലഭിക്കും. ബാക്കി തുക തുല്യമായി വീതിക്കും. കളി ടൈബ്രേക്കിലേക്കു നീണ്ടാൽ വിജയിക്കു 13 ലക്ഷം ഡോളറും റണ്ണറപ്പിനു 12 ലക്ഷം ഡോളറും ലഭിക്കും.

ചരിത്രത്തിലെ ഏറ്റവും വേഗം കൂടിയ സമയക്രമത്തിലായിരിക്കും ഇത്തവണ കളികൾ. ആദ്യ 40 നീക്കങ്ങൾക്ക് 2 മണിക്കൂർ വീതവും ബാക്കിയുള്ള നീക്കങ്ങൾക്കായി 30 മിനിറ്റു വീതവും കളിക്കാർക്കു ലഭിക്കും. നേരത്തേ, 40 നീക്കങ്ങൾക്കു ശേഷം ഓരോ കളിക്കാർക്കും ഒരു മണിക്കൂർ വീതം ലഭിക്കുമായിരുന്നു. അതുകഴിഞ്ഞ് വീണ്ടും അധികസമയം നൽകുമായിരുന്നു. ഇത്തവണ അതുണ്ടാവില്ല. ടൈബ്രേക്ക് ഗെയിമുകളിലും ഇത്തവണ സമയം കുറച്ചിട്ടുണ്ട്. കൂടുതൽ വേഗം, കൂടുതൽ വിജയം എന്നതാണ് ഈ ചാംപ്യൻഷിപ്പിന്റെ മുദ്രാവാക്യം.

English Summary:

World Chess Championship: Fastest Time Control in History for This Year's Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com