ADVERTISEMENT

പതിനാലാം നൂറ്റാണ്ടിൽ സുമാത്രൻ രാജകുമാരനായ സാങ് നില ഉതാമ വേട്ടയാടുമ്പോൾ പരിചയമില്ലാത്ത ജീവിയെ കണ്ടു; അതു സിംഹമാണെന്ന് തെറ്റിദ്ധരിച്ച് രാജകുമാരൻ ആ ദ്വീപിന് സിംഹങ്ങളുടെ നഗരം എന്ന അർഥത്തിൽ സിംഗപുര എന്ന പേരു നൽകി എന്നാണു കഥ. കഥയിൽ പാഠഭേദങ്ങളുണ്ടെങ്കിലും പേരു മാറി സിംഗപ്പൂർ ആയെങ്കിലും, ഒരു കാലത്തും സിംഹങ്ങളുണ്ടായിട്ടില്ലാത്ത ആ നാട്ടിൽ ഇന്നു മുതൽ രണ്ടു ‘സിംഹ’ങ്ങളുടെ പോരാട്ടം നടക്കുകയാണ്– ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ ഗെയിമിൽ ഇന്ന് ഇന്ത്യയുടെ ഡി. ഗുകേഷും നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനും തമ്മിൽ.

എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന രാജ്യം; അവിടെ നടക്കുന്ന ലോക പോരാട്ടത്തിന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ചെസ് ആരാധകർ. സിംഗപ്പൂരിൽ സെന്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിൽ ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 2.30നാണ് ആദ്യ ഗെയിം. ഫിഡെ, ചെസ്.കോം യൂട്യൂബ് ചാനലുകളിൽ തൽസമയം കാണാം. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ജേതാവാകും.

‘ബിഗ് ഡിങ് വേഴ്സസ് പീക്ക് ഗുകേഷ്’ എന്ന റഷ്യൻ ഗ്രാൻഡ് മാസ്റ്റർ പീറ്റർ സ്വിഡ്‌ലറുടെ വിലയിരുത്തലിൽ എല്ലാമുണ്ട്. 2017–19 കാലയളവിൽ മാഗ്നസ് കാൾസനെ വിറപ്പിച്ച, ഗ്രാൻഡ് ചെസ് ടൂറിൽ മാഗ്നസിനെ ടൈബ്രേക്കറിൽ തോൽപിച്ച താരമാണ് ഡിങ്. ഡിങ് ആ ഫോമിൽ തിരിച്ചെത്തുകയും ഗുകേഷ് നിലവിലെ ഫോം തുടരുകയും ചെയ്താൽ പ്രവചനങ്ങൾ  അസാധ്യം’’– അതാണു സ്വിഡ്‌ലർ പറഞ്ഞതിന്റെ സാരം. 

ആദ്യ കളി ചാംപ്യൻഷിപ്പിന്റെ ഗതിയിൽ നിർണായകമെന്നതിനാൽ ഇരുവരും കരുതലോടെയാകും ഇന്ന് ഇറങ്ങുക. എന്നാൽ ആദ്യകളിയിൽ വെള്ളക്കരു ലഭിക്കുന്നതിന്റെ ആനുകൂല്യം ഗുകേഷ് മുതലാക്കുമെന്ന് കരുതുന്നവരും കുറവല്ല. 

കഴിഞ്ഞ ദിവസം നടന്ന വലിയ ഒരു വിവാഹ പാർട്ടിയുടെ ആലസ്യത്തിലാണ് ഇക്വാരിയസ് ഹോട്ടൽ. ആ ആലസ്യത്തെ ഒരു ദിവസംകൊണ്ട് ലോകചാംപ്യൻഷിപ് വേദിയാക്കാൻ കെൽപുള്ള മായാജാലം സിംഗപ്പൂരിനുണ്ട്. ആ മായാജാലത്തെ വെല്ലുന്ന കളി കാഴ്ചവയ്ക്കാനുള്ള കഴിവുള്ളവരാണ് ഗുകേഷും ‍ഡിങ്ങും. കാത്തിരുന്നു കാണുക!

റാങ്കിങ്ങിൽ ഗുകേഷ്; മത്സരങ്ങളിൽ ഡിങ് 

ലോക റാങ്കിങ്ങിൽ രണ്ടാമതു വരെ എത്തിയിരുന്നെങ്കിലും നവംബറിലെ മാസാദ്യ റാങ്കിങ് പ്രകാരം ഡിങ് ലിറൻ 23–ാം സ്ഥാനത്താണ്. ഗുകേഷ് 5–ാം സ്ഥാനത്തും. ഇരുവരും തമ്മിൽ 3 ക്ലാസിക്കൽ ഗെയിമുകളാണ് കളിച്ചിട്ടുള്ളത്. രണ്ടെണ്ണത്തിൽ ഡിങ്ങിനായിരുന്നു ജയം. ഒരു കളി സമനിലയായി. 2024 ജനുവരിയിൽ നടന്ന ടാറ്റാ സ്റ്റീൽ ടൂർണമെന്റിലായിരുന്നു ഗുകേഷിനെതിരെ ഡിങ്ങിന്റെ അവസാനത്തെ ജയം. ഇരുവരും തമ്മിലുള്ള ഓൺലൈൻ റാപിഡ്, ബ്ലിറ്റ്സ് ഗെയിമുകൾ സമനിലയായി. ഒരേയൊരു ഫ്രീസ്റ്റൈൽ ചെസ് മത്സരത്തിൽ ഗുകേഷിനായിരുന്നു ജയം.

English Summary:

D. Gukesh to Face Ding Liren in World Chess Championship Opener Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com