സമനില തെറ്റാതെ ഗുകേഷും ഡിങ് ലിറനും; ലോക ചെസ് ചാംപ്യൻഷിപ്പില്‍ ആറാം ഗെയിമും ഒപ്പത്തിനൊപ്പം
Mail This Article
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പില്‍ വീണ്ടും സമനില. ഇന്ത്യയുടെ ഡി.ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഞായറാഴ്ച നടന്ന ആറാം ഗെയിമിലും സമനിലയിൽ പിരിഞ്ഞു. ഞായറാഴ്ച കറുത്ത കരുക്കളുമായി ഡിങ് ലിറനെ നേരിട്ട ഗുകേഷ് സമനില പിടിക്കുകയായിരുന്നു. ഇതോടെ ഇരുവരുടെയും സ്കോർ 3–3 എന്ന നിലയിലായി. 6 ഗെയിമുകൾ പിന്നിട്ടപ്പോൾ രണ്ടു പേരും ഓരോ വിജങ്ങളാണു നേടിയത്.
ഇന്നത്തേതുൾപ്പടെ 4 ഗെയിമുകൾ സമനിലയിലാണു കലാശിച്ചത്. 46 നീക്കങ്ങൾക്കൊടുവിലാണ് ഞായറാഴ്ചത്തെ പോരാട്ടവും സമനിലയിൽ പിരിഞ്ഞ് ഇരുവരും കൈകൊടുത്തത്. കൃത്യമായ ആസൂത്രണവുമായി കളിക്കാനിറങ്ങിയ ചൈനീസ് താരത്തിന് ആദ്യ 20 നീക്കങ്ങൾക്ക് 7 മിനിറ്റുകൾ മാത്രമാണു വേണ്ടിവന്നത്. എന്നാൽ ഇത്രയും നീക്കങ്ങൾക്ക് ഗുകേഷ് 40 മിനിറ്റോളം സമയമെടുത്തു. തിങ്കളാഴ്ച വിശ്രമ ദിനമാണ്. ചൊവ്വാഴ്ച ഏഴാം ഗെയിമിൽ ഇരുവരും വീണ്ടും ഏറ്റുമുട്ടും.