ADVERTISEMENT

ഏറ്റവും ശക്തമായ കംപ്യൂട്ടറുകൾ പോലും അധികസമയവും തുല്യത പ്രഖ്യാപിച്ച കളിയിൽ മറ്റൊരു ഫലം അസംഭവ്യമായപ്പോൾ ലോക ചെസ് ചാംപ്യൻഷിപ്പിലെ ഒൻപതാം ഗെയിമിൽ ഡിങ് ലിറനും ഡി. ഗുകേഷും സമനില സമ്മതിച്ചു പിരിഞ്ഞു. സ്കോർ തുല്യം (4.5-4.5), ഇന്നു വിശ്രമദിനം; പത്താം ഗെയിം നാളെ.

വെള്ളക്കരുക്കളുമായി ഗുകേഷിന്റെ ആദ്യ നീക്കം. കാറ്റലൻ പ്രാരംഭം. 1929ൽ ബാർസലോനയിൽ ഒരു ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ പോളിഷ് ഗ്രാൻഡ് മാസ്റ്റർ ടർടാകോവർ സംഘാടകരുടെ ആഗ്രഹപ്രകാരം നഗരത്തിന്റെ ചെസ് ചരിത്രവുമായി ബന്ധപ്പെട്ടു തുടങ്ങിയ ചെസ് ഓപ്പണിങ്. പത്താം നീക്കത്തിൽ ഗുകേഷിന്റെ ബിഷപ്പിന്റെ പുനർവിന്യാസം കണ്ട് ഡിങ് ഒരു കവിൾ വെള്ളമെടുത്തു, പിന്നെ കുറച്ചു സമയം ചിന്തയിലാണ്ടു. കണ്ണടച്ച് ആലോചനയിലായിരുന്നു ഗുകേഷ് അപ്പോൾ. രാജ്ഞിയുടെ വശത്തും രാജാവിന്റെ വശത്തും പലതരം സാധ്യതകളുള്ള ‘റിച്ച് പൊസിഷൻ’.

ആധുനിക ചെസിൽ വിജയിക്കണമെങ്കിൽ അപകടകരമായ നീക്കങ്ങൾ അവശ്യമെന്നും ഗുകേഷിന്റെ കേളീശൈലി അതിനനുസരിച്ചാണെന്നും അഭിപ്രായപ്പെട്ടു ലൈവ് കമന്ററിക്കിടെ ഡച്ച് ഗ്രാൻഡ്മാസ്റ്ററായ അനീഷ് ഗിരി. 12–ാം നീക്കത്തിൽ റൂക്കിനെ നീക്കി ഡിങ്ങാണ് പരിചിതമായ കരുനിലയിൽനിന്ന് ആദ്യം മാറിയതെങ്കിലും 13–ാം നീക്കത്തിൽ ബി കളത്തിലെ കാലാളിനെ രണ്ടുകളം തള്ളി ആരാധകരെ രസിപ്പിച്ചത് ഗുകേഷാണ്. പലതരം തന്ത്രങ്ങളിലേക്കു നയിക്കാവുന്ന നീക്കം. 18 മിനിറ്റ് സമയമെടുത്തെങ്കിലും കൃത്യമായ മറുപടി നീക്കം കണ്ടെത്തി ഡിങ്. 

15 നീക്കങ്ങൾ കഴിഞ്ഞപ്പോൾ പതിവു പോലെ ക്ലോക്കിൽ ഗുകേഷിനെക്കാൾ 50 മിനിറ്റ് പിന്നിലായി ഡിങ്. 17–ാം നീക്കത്തിൽ ഡിങ്ങിന്റെ നേരിയ പിഴവ് മുതലെടുക്കാനുള്ള അവസരം 20–ാം നീക്കത്തിൽ ഗുകേഷ് പാഴാക്കിയപ്പോൾ കരുനില തുല്യം. 24–ാം നീക്കത്തിൽ ഗുകേഷിന്റെ വലിയ ചിന്ത തുടങ്ങി. സമനില സാധ്യതയുള്ള പൊസിഷനിൽ എങ്ങനെ മുന്നോട്ടുനീങ്ങണം, തനിക്കെവിടെയാണ് പിഴച്ചത് എന്നൊക്കെയാവാം ഗുകേഷിനെ മഥിച്ചത്. 

ഡിങ്ങിന്റെ 23–ാം നീക്കത്തോടെ കളിയിൽ ഇനി കാര്യമില്ല എന്ന് അനീഷ് ഗിരി പ്രഖ്യാപിച്ചു. അവസാന കളത്തിൽ രാജാവിനെ കുരുക്കാൻ (ബാക്ക് റാങ്ക് മേറ്റ്) 25–ാം നീക്കത്തിൽ ഗുകേഷ് അവസാനത്തെ ട്രിക്ക് പുറത്തെടുത്തെങ്കിലും ഡിങ് അതിൽ കൊത്തിയില്ല. പിന്നീട് കളിയവസാനിക്കുന്ന 54–ാം നീക്കം വരെ ‘മഴയവസാനിച്ചാലും മരം പെയ്യും’ എന്നു പറയും പോലെ നീക്കങ്ങൾ തുടർന്നു ഇരുവരും.

English Summary:

World Chess Championship: Ding Liren and D. Gukesh locked in an intense battle for the World Chess Championship title, played out a hard-fought draw in the ninth game. The score remains tied at 4.5-4.5 as the players head into a rest day before the crucial tenth game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com