ദേശീയ ജൂനിയർ അത്ലറ്റിക്സിന് കേരളത്തിൽനിന്ന് 108 താരങ്ങൾ; സർക്കാർ സഹായമില്ലാതെ ടീം ഭുവനേശ്വറിൽ
Mail This Article
കഴിഞ്ഞ ഒക്ടോബറിൽ ഒഡീഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടർന്നു മാറ്റിവച്ച 39–ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിനു ഭുവനേശ്വറിൽ നാളെ തുടക്കം. കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, കേരളത്തിനായി 108 അത്‌ലീറ്റുകൾ മത്സരത്തിനിറങ്ങും. സർക്കാർ സഹായമില്ലാത്തതിനാൽ, ഇവർ സ്വന്തം നിലയിലും സ്പോൺസർഷിപ് മുഖേനയും യാത്രക്കൂലി കണ്ടെത്തിയാണ് ഭുവനേശ്വറിലെത്തുന്നത്. വിമാനത്തിലും ട്രെയിനിലുമായി കേരള സംഘത്തിലെ എല്ലാവരും ഇന്നു വൈകിട്ടോടെ എത്തും.
ചുഴലിക്കാറ്റുകാരണം ചാംപ്യൻഷിപ് മാറ്റിയതോടെ വലിയ സാമ്പത്തിക നഷ്ടമാണ് താരങ്ങൾക്കുണ്ടായത്. 30,000 രൂപയോളം കയ്യിൽനിന്നു ചെലവാക്കുന്ന അത്‌ലീറ്റുകൾക്ക് 500 രൂപ വിലയുള്ള ജഴ്സി മാത്രമാണ് സർക്കാർ നൽകിയത്.
സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ഒരുമിച്ചുള്ള പരിശീലനവും ഇത്തവണ നടന്നിട്ടില്ല. കഴിഞ്ഞ വർഷം കോയമ്പത്തൂരിൽ നടന്ന ചാംപ്യൻഷിപ്പിൽ ഹരിയാന ജേതാക്കളായപ്പോൾ കേരളം 5–ാം സ്ഥാനത്തായിരുന്നു. ഇത്തവണ സ്ഥാനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കേരള ടീം. കെ.ചന്ദ്രശേഖരൻ പിള്ള, സി.കവിത, എം.എഡ്വേഡ് എന്നിവരാണു ടീം മാനേജർമാർ. ആർ.ജയകുമാറിന്റെ നേതൃത്വത്തിൽ കെ.പി.സഫനീത്, എ.ഷംനാർ എന്നിവരാണു ടീമിനെ പരിശീലിപ്പിക്കുന്നത്. 11നു സമാപിക്കും.